Breaking News

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ നെടുംതൂണായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാടായ കാസർഗോഡ് തളങ്കരയിൽ ആവേശകരമായ സ്വീകരണം


കാസർകോട് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ നെടുംതൂണായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം. രഞ്ജി
ട്രോഫിയിൽ ആദ്യമായി കേരളത്തിന് ഫൈനലിലെത്താൻ നിർണായകമായത് അസ്ഹറുദീന്റെ മികച്ച പ്രകടനമായിരുന്നു. ബാറ്റിങ്ങിൽ തന്റെ മികവ് പൂർണമായും പുറത്തെടുത്ത അസ്ഹറുദീൻ വിക്കറ്റ് കീപ്പിങ്ങിലും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. മത്സരശേഷം തിങ്കൾ വൈകിട്ടാണ് അസ്ഹറുദീൻ നാട്ടിലെത്തിയത്. തളങ്കരയിൽ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഗംഭീര വരവേൽപ്പാണ് നൽകിയത്. പ്രിയ താരത്തെ നഗരസഭാ ചെയർമാൻ ബൊക്കെ നൽകി വരവേറ്റു. സ്ഥിരംസമിതി അധ്യക്ഷരായ ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ് എന്നിവരും ഒപ്പമുണ്ടായി.രഞ്ജി ട്രോഫിയിൽ മാത്രമല്ല, രാജ്യത്തെ അംഗീകൃത ക്രിക്കറ്റ് മത്സരങ്ങളിൽ കേരളത്തിനെ മാറ്റിനിർത്താൻ കഴിയാത്ത വിധം കേരള ക്രിക്കറ്റ് മാറിക്കഴിഞ്ഞതായി
അസ്ഹറുദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യക്തിഗത ഇന്നിങ്സുകളേക്കാൾ ടീമിന്റെ വിജയമാണ് എല്ലാ കളിക്കാരും ലക്ഷ്യമിട്ടതെന്നും കൂട്ടായ പരിശ്രമത്തിന്റെ നേട്ടമാണ് ഫൈനൽ പ്രവേശമെന്നുമാണ് അസ്ഹറുദീൻ പറയുന്നത്.

No comments