കൃഷിയാണ് ജീവിതതാളം ; കൊളത്തൂർ സ്വദേശി എം ശ്രീവിദ്യക്ക് സംസ്ഥാന യുവജന കമീഷന്റെ യൂത്ത് ഐക്കൺ അവാർഡ്
കൊളത്തൂർ : കൃഷി ജീവിതത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ കൊളത്തൂർ നിടുവോട്ട് സ്വദേശി എം ശ്രീവിദ്യക്ക് സംസ്ഥാന യുവജന കമീഷന്റെ യൂത്ത് ഐക്കൺ അവാർഡ്. വൈവിധ്യപൂർണമായ കൃഷി പരിപാലനവും പരീക്ഷണങ്ങളും വിജയകരമായി നടപ്പിലാക്കുന്ന ശ്രീവിദ്യ സമ്മിശ്രവും സംയോജിതവും ശാസ്ത്രീയവുമായി കൃഷി ചെയ്താണ് വിജയം കൊയ്തെടുക്കുന്നത്. ശാസ്ത്രീയ കൃഷി രീതിയായ ഓപ്പൺ പ്രിഷിഷൻ ഫാർമിങ് രീതിയാണ് ചെയ്യുന്നത്.നിലവിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംസ്ഥാനതല റിസോഴ്സ് പേഴ്സണാണ് ശ്രീവിദ്യ. പൂങ്കാവനം അഗ്രി ഫാം എന്നാണ് അഞ്ച് ഏക്കറോളമുള്ള നിടുവാട്ടെ കൃഷിയിടത്തിന്റെ പേര്. കൃഷി രീതി പഠിക്കാനും കാണാനും നിരവധി വിദ്യാർഥികളും കാർഷിക ഗവേഷകരും ഇവിടെയെത്തുന്നു. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു. കൃഷിക്കാവശ്യമായ വളങ്ങൾ പശുക്കളിലൂടെയും മീൻ കോഴി വളർത്തലുകളിലൂടെയും സംഭരിക്കുന്നു. വീട്ടിലേക്കാവശ്യമായ പാൽ, മുട്ട, മീൻ എന്നിവയും ലഭിക്കുന്നു. സീസൺ സമയങ്ങളിൽ തണ്ണിമത്തൻ കൃഷി ചെയ്ത് എഴ് ടൺ തണ്ണിമത്തൻ ഉത്പാദിപ്പിച്ച് വിൽപ്പന നടത്തിയിരുന്നു. മഴമറ ഉണ്ടാക്കി ഗ്രോ ബാഗ് വച്ചാണ് പച്ചക്കറി കൃഷി ചെയ്യുക. 20 ഓളം പച്ചക്കറിയിനം കൃഷി ചെയ്യുന്നുണ്ട്.2020ൽ സംസ്ഥാന സർക്കാരിന്റെ യുവകർഷക അവാർഡ്, സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച ജൈവ കർഷകയ്ക്കുള്ള അക്ഷയശ്രീ അവാർഡ് എന്നിവ നേടി. 2023 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ പരിപാടി പ്രകാരം ഇസ്രയേൽ സന്ദർശിച്ച കർഷക ടീമിലിടം നേടി. കേരളത്തിലെ കൃഷി രീതി പഠിപ്പിക്കാൻ ശ്രീലങ്കയും സന്ദർശിച്ചു. പൊട്ടുവെള്ളരി, സൂര്യകാന്തി കൃഷികളിൽ വിജയിച്ചും ശ്രീവിദ്യ ശ്രദ്ധ നേടിയിരുന്നു.
No comments