Breaking News

7 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു, രഹസ്യ വിവരം കിട്ടി വനപാലകരെത്തി; ഇരുതലമൂരിയുമായി എയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിൽ




ആലപ്പുഴ: ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ്‌ പിടിയിലായത്‌. തമിഴ്‌നാട്‌ സ്വദേശിയിൽ നിന്ന്‌ വാങ്ങിയ ഇരുതലമൂരി മറ്റൊരാൾക്ക്‌ വിൽക്കാൻ ഏഴു ലക്ഷം രൂപ വില ഉറപ്പിച്ചതായിരുന്നു. ഇതേക്കുറിച്ച്‌ അറിഞ്ഞ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥർ അഭിലാഷിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. കൂടുതൽ പണം നൽകാമെന്ന വാഗ്‌ദാനത്തിൽ അഭിലാഷ് വീണു. തുടർന്ന്‌ ഇരുതലമൂരിയെ വിൽക്കാനായി ഇവർ ആലപ്പുഴ മുല്ലയ്‌ക്കലിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തു. കരിക്കുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ലൈയിങ്‌ സ്ക്വാഡുമായി ചേർന്ന് ഇവിടെയെത്തി പ്രതികളെ പിടിച്ചു.

മൂന്ന്‌ കിലോ ഭാരവും 135 സെന്റീമീറ്റർ നീളവുമുള്ളതുമാണ്‌ ഇരുതലമൂരി. ഇതിനെ തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു. സെക്ഷൻ ഫോറസ്‌റ്റ്‌ ഓഫീസർമാരായ എഫ് യേശുദാസ്, എസ് ഷിനിൽ, പി സെൻജിത്ത്, ബിഎഫ്ഓമാരായ കെ അനൂപ്, അപ്പുക്കുട്ടൻ, അമ്മു ഉദയൻ, എസ്‌ അജ്മൽ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

No comments