Breaking News

കാഞ്ഞങ്ങാട്ടെ നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മിഷൻ നേരിട്ട് കേസെടുത്തു, സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ്


ന്യൂഡൽഹി: കാഞ്ഞങ്ങാട് മൻസൂർ നഴ്സിങ് സ്കൂൾ വിദ്യാർഥിനിയായിരുന്ന ചൈതന്യ കുമാരിയുടെ മരണത്തെക്കുറിച്ച് ഒരുമാസത്തിനുള്ളിൽ റിപോർട്ട് സമർപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേരള സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് ഡയക്ടർ ജനറൽ എന്നിവരോട് നിർദേശിച്ചു. നഴ്സിങ് സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ചൈതന്യ കുമാരി(20)യെ കഴിഞ്ഞ ഡിസംബർ 7 നാണ് ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. അബോധാവസ്ഥയിലായിരുന്ന ചൈതന്യയെ ഉടൻ തന്നെ മൻസൂർ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും, കെഎംസി ആശുപത്രിയിലും പിന്നീട് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മാർച്ച് 22 നു മരണപ്പെടുകയായിരുന്നു. കോളേജ് വാർഡന്റെയും മാനേജ്മെന്റിന്റെയും മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന റിപോർട്ടുകളുണ്ടായിരുന്നു. ചൈതന്യ കുമാരിയുടെ ഹോസ്റ്റൽ മുറിയിലെ രണ്ട് വിദ്യാർഥികളും വാർഡന്റെ മാനസിക പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഹോസ്റ്റലിൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നതായും അവധി ദിവസങ്ങളിൽ ജോലി ചെയ്യിക്കുന്നതെന്നുമായിരുന്നു പരാതി. മരിച്ച ചൈതന്യ അസുഖ ബാധിതയായിരുന്നപ്പോഴും ഹോസ്റ്റൽ വാർഡൻ മാനസീകമായി പീഡിപ്പിച്ചിരുന്നുവെന്ന് എൻ.എച്ച്.ആർ.സിയും പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ മെഡിക്കൽ ചെക്കപ്പിന് ശേഷം ചൈതന്യ ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോഴും ഹോസ്റ്റലധികൃതർ ചൈതന്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്. വാർഡൻ ചൈതന്യയ്ക്ക് ആഹാരവും വെള്ളവും പോലും നിഷേധിച്ചു. മനുഷ്യാവകാശ കമ്മീഷൻ പതറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നേരിട്ടാണ് കേസെടുത്തിട്ടുള്ളത്. പൗരവാകാശത്തിന് എതിരെയുണ്ടായ ഇത്തരം സംഭവങ്ങളിൽ കേരളത്തിലെ നിയമ സംവിധാനങ്ങൾ പാലിക്കുന്ന നിസംഗതയെ തുടർന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നടപടി.

No comments