കാഞ്ഞങ്ങാട് നടത്തിയ പരിശോധനയിൽ 7000 ത്തിലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിലായി
കാസർകോട്: കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടപടി ശക്തമാക്കി. ശനിയാഴ്ച വൈകിട്ട് നടന്ന പരിശോധനയിൽ 7000 ത്തിലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. മധൂർ പട്ള സ്വദേശിയായ ഹാരിസിനെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോയും പുകയില ഉൽപ്പന്നങ്ങളും കസ്റ്റഡിയിലെടുത്തു. നോർത്ത് കോട്ടച്ചേരിയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽ നിന്നും തലപ്പാടി അതിർത്തിയിലേക്ക് എത്തിക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്നും കാസർകോട് ജില്ലയിലേക്ക് ഹാരിസ് ഓട്ടോയിൽ കടത്തി കൊണ്ടുവന്ന് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇയാളുടെ ഫോണിലേക്ക് വൈകിട്ടും ഇടപാടുകാർ വിളിക്കുന്നുണ്ടായിരുന്നു. പത്തു രൂപയുടെ പാക്കറ്റിന് 50 രൂപയാണ് ഈടാക്കുന്നത്. ശനിയാഴ്ച രാവിലെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും 20 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ഇതര സംസ്ഥാന തൊഴിലാളിയുടെ കയ്യിൽ നിന്നും 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും ലഹരി വേട്ട തുടരുമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു.
No comments