ആൾമറയുടെ മുകളിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ 40 കാരന് രക്ഷകരായി ഫയർഫോഴ്സ് സംഭവം ചെർക്കളയിൽ
കാസർകോട് : ആൾമറയുടെ മുകളിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ 40 കാരന് രക്ഷകരായത് ഫയർഫോഴ്സ്. തോളെല്ലിനും തലയ്ക്കും പരിക്കേറ്റ കർണാടക സ്വദേശി പ്രകാശനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെ ചെർക്കളയിലെ എളഞ്ചാ ക്വാർട്ടേഴ്സിന് സമീപത്തെ കിണറിലാണ് യുവാവ് വീണത്. ആൾമറയിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ 60 അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു. കിണറിൽ രണ്ടടിയോളമാണ് വെള്ളമുണ്ടായിരുന്നത്. വിവരത്തെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.കെ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ കാസർകോട് നിന്നും അഗ്നിരക്ഷാ സേനയെത്തി. സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ വി സുകു റ നെറ്റിന്റെ സഹായത്താൽ കിണറിൽ ഇറങ്ങി. ചെളിയിൽ പൂണ്ട് കിടന്ന യുവാവിനെ റ നെറ്റിൽ കരക്കെത്തിച്ചു. തോളെല്ലിനും തലയ്ക്കും പരിക്കേറ്റ യുവാവിനെ ആദ്യം കാസർകോട് ജനറലാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപ്രതിയിലേക്കും കൊണ്ടുപോയി. അഗ്നിശമന സേനാംഗങ്ങളായ എസ് അരുൺകുമാർ, വിഎസ് ഗോകുൽകൃഷ്ണൻ, എസ് സാദിഖ്, സിവി ഷബിൽകുമാർ, ഹോംഗാർഡ് രാകേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
No comments