Breaking News

കാസർഗോഡ് ഇരിയണ്ണിയിൽ തുടർച്ചയായ മൂന്നാം ദിവസവും പുലിയിറങ്ങി വളർത്തുനായയെ പുലി പിടിച്ചു


കാസർകോട്: ഇരിയണ്ണിയിൽ തുടർച്ചയായ മൂന്നാം ദിവസവും പുലിയിറങ്ങി. ബേപ്പിലെ ഉദയൻ എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് ചൊവ്വാഴ്ച പുലർച്ചെ പുലി എത്തിയത്. നായയുടെ കരച്ചിൽ കേട്ട് ഉദയൻ പുറത്തിറങ്ങി വെളിച്ചം തെളിച്ചപ്പോൾ നായയെ പുലി പിടിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. പ്രസ്തുത വീട്ടിൽ രണ്ടു വളർത്തു നായകൾ ഉണ്ട്. കൂട്ടിനു പുറത്തു ഉണ്ടായിരുന്ന നായയാണ് പുലിയുടെ ഇരയായത്. ഇരിയണ്ണി, തീയടുക്കത്ത് തിങ്കളാഴ്ച പുലർച്ചെ പുലിയിറങ്ങിയിരുന്നു. റബ്ബർ ടാപ്പിംഗിനു പോയ മാലോം, വള്ളിക്കടവ് സ്വദേശി ആർ ജ്യോതിഷ് (42) ആണ് പുലിയെ കണ്ടത്. തീയടുക്കത്തെ സി. സുകുമാരന്റെ തോട്ടത്തിൽ ടാപ്പിംഗിനു പോയതായിരുന്നു ജ്യോതിഷ്. പുലിയെ തൊട്ടടുത്തു കണ്ട് കത്തിയെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു ഇദ്ദേഹം. ഞായറാഴ്ച പുലർച്ചെ ഇരിയണ്ണിയിലെ നാരായണന്റെ വീട്ടുമുറ്റത്തു കെട്ടിയിട്ടിരുന്ന നായയെ പുലി പിടിച്ചിരുന്നു. തല വീട്ടുമുറ്റത്തു ഉപേക്ഷിച്ചാണ് പുലി സ്ഥലം വിട്ടത്. ഇടവേളക്കു ശേഷം ഇരിയണ്ണിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും പുലി ഇറങ്ങിയത് നാടിനെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ വനം വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം മഞ്ചേശ്വരം, കനില ഭഗവതി ക്ഷേത്രത്തിനു സമീപത്തും പുലിയിറങ്ങിയതായി സംശയിക്കുന്നു. ഓട്ടോ ഡ്രൈവറാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്. സ്ഥലത്തു നിന്നും പുലിയുടേതെന്നു സംശയിക്കുന്ന ഏതാനും കാൽപാദങ്ങളുടെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.

No comments