മാവുങ്കാലിൽ തോക്ക് ചൂണ്ടി ക്രഷർ മാനേജറുടെ 10.30 ലക്ഷം രൂപ തട്ടിയെടുത്തു ; രക്ഷപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി
മാവുങ്കാൽ : തോക്ക് ചൂണ്ടി ചവിട്ടി നിലത്തിട്ട് ക്രഷർ മാനേജറുടെ കൈയിലുണ്ടായിരുന്നു 10.30 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ മംഗളൂരുവിൽ നിന്നും പിടികൂടി. കർണാടക പൊലീസിന്റെ പിടിയിലായ പ്രതികളെ ഹൊസ്‌ദുർഗ് പൊലീസെത്തി അറസ്റ്റ് ചെയ്തു. രണ്ട് ബിഹാർ സ്വദേശികളും ഒരു അസം സ്വദേശിയുമാണ് അറസ്റ്റിലായത്. ബുധനാഴ്‌ച സന്ധ്യയോടെ കാഞ്ഞങ്ങാട് കല്യാൺ റോഡിലാണ് തോക്ക് ചൂണ്ടി പണം കവർന്നത്. ജാസ് ഗ്രാനൈറ്റ്സ് എന്ന ക്രഷറിന്റെറെ മാനേജർ കോഴിക്കോട് സ്വദേശി രവീന്ദ്രനിൽ നിന്നാണ് പണം തട്ടിയെടുത്തത്. ക്രഷറിൽ നിന്ന് കാഞ്ഞങ്ങാട്ട് താമസ സ്ഥലത്തേക്ക് പോകുന്നതിനായി തൊട്ടടുത്ത റോഡിലെത്തി ഓട്ടോറിക്ഷ കാത്തു നിൽക്കുകയായിരുന്നു രവീന്ദ്രൻ. പെട്ടെന്ന് മൂന്നംഗ സംഘമെത്തി തോക്ക് ചൂണ്ടുകയായിരുന്നു. അതിനിടെ ഒരാൾ ചവിട്ടി നിലത്തിട്ടു. തുടർന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് ഹൊസ്‌ദുർഗ് പൊലീസ് വിവരം മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. ഹൊസ്‌ദുർഗ് ഇൻസ്പെക്ടർ പി. അജിത്‌കുമാർ, എസ്.ഐ മാരായ അഖിൽ, ശാർങ്ഗധരൻ, ജോജോ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി. ടി.വി. നോക്കി അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വാഹനമുപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായി. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഉടൻ കർണാടക പൊലീസിൽ വിവരമറിയിച്ചു. റെയിൽവേ പൊലീസും ജാഗരൂകരായി. ഒടുവിൽ മംഗളൂരുവിൽ മൂന്നുപേരും കർണാടക പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
No comments