തളിപ്പറമ്പ് ടൗണിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ധർമ്മശാലയിലും കാട്ടുപോത്തിനെ കണ്ടെത്തി
തളിപ്പറമ്പ് : തളിപ്പറമ്പ് ടൗണിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ധർമ്മശാലയിലും കാട്ടുപോത്തിനെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ധർമ്മശാല നിഫ്ടിന്റെ കോമ്പൗണ്ടിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. വിവരത്തെ തുടർന്ന് എസ്.ഐ ജയ്മോൻ ജോർജിന്റെ നേതൃത്വത്തിൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപ്പോഴേക്കും കാട്ടുപോത്ത് ഇവിടെ നിന്നും നീങ്ങി സമീപത്തെ കുറ്റിക്കാട് നിറഞ്ഞ ശ്മശാനത്തിൽ കയറി. പുലർച്ചെ രണ്ടരവരെ കാട്ടുപോത്തിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കരിമ്പം ഭാഗത്തും കാട്ടുപോത്തിനെ കണ്ടിരുന്നു. കഴിഞ്ഞ 28ന് രാത്രി 11.40 ഓടെ തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാനപാതയിൽ പനക്കാടാണ് കാട്ടുപോത്തിനെ കാണപ്പെട്ടത്. പട്ടുവത്ത് തെയ്യം കണ്ട് മടങ്ങുകയായിരുന്നവരാണ് ഇതിനെ കണ്ടത്. തളിപ്പറമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ പോത്തായിരിക്കും ധർമ്മശാല ഭാഗത്തെത്തിയതെന്നാണ് അനുമാനിക്കുന്നത്.
No comments