Breaking News

പുല്ലൂർ പെരിയ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം പനത്തടി സെക്ഷൻ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശേഷപ്പയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി




പുല്ലൂർ പെരിയ പഞ്ചായത്തിലെ തൊടുപ്പനം, കല്ലുമാളം പ്രദേശങ്ങളിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം. ഞായറാഴ്ച രാവിലെ ഏഴോടെ തൊടുപ്പനത്തെ ടി വി കുഞ്ഞമ്പുവിന്റെ കൃഷിയിടത്തിൽ പുലിയെ കണ്ടു. ജലസേചനം നടത്തുന്നതിനിടെയാണ് കൃഷിയിടത്തിലൂടെ പുലി പോകുന്നത് കണ്ടത്. കുഞ്ഞമ്പു ശബ്ദമുണ്ടാക്കാതെ വീട്ടിൽ പോയി മൊബൈൽ ഫോൺ കൊണ്ടുവന്ന് ദൃശ്യം പകർത്താൻ ശ്രമിച്ചെങ്കിലും പുലി സമീപത്തെ ചെരിവിലേക്ക് ഓടിമറഞ്ഞു. വിവരമറിഞ്ഞ് പനത്തടി സെക്ഷൻ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശേഷപ്പയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സ്ഥലത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തി. മൂന്നിടങ്ങളിലായാണ് കാൽപ്പാടുകൾ. കല്ലുമാളം ഭാഗത്തേക്ക് പുലി ഓടിപ്പോയതായി കുഞ്ഞമ്പു അറിയിച്ചതിനെ തുടർന്ന് വനപാലകർ അവിടെയും പരിശോധന നടത്തി. പുലി ഒളിച്ചിരുന്നതായി സംശയിക്കുന്ന മാളം കണ്ടെത്തിയിട്ടുണ്ട്. മുള്ളൻ പന്നികൾ ഏറെയുള്ള സ്ഥലം കൂടിയാണിത്. മുള്ളൻപന്നിയുടെ മാളത്തിൽ പുലി തങ്ങാൻ സാധ്യതയുണ്ടെന്നാണ് വനപാലകരുടെ നിഗമനം. മാളത്തിന് സമീപത്തെ മരത്തിൽ വനപാലകർ ക്യാമറ സ്ഥാപിച്ചു. ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞാൽ കൂടുവയ്ക്കാമെന്ന് ഉദ്യോ ഗസ്ഥർ ഉറപ്പ് നൽകി. പ്രദേശത്തെ ഏതാനും വളർത്തുപൂച്ചകളെ പുലി കടിച്ചുകൊന്നു. തൊടുപ്പനം പ്രദേശത്തെ താമസക്കാരിൽ ഭൂരിഭാഗവും കർഷക കുടുംബങ്ങളാണ്. അതുകൊണ്ട് കന്നുകാലികൾ ഏറെയുള്ള പ്രദേശമാണ്. പുലിയിറങ്ങിയെന്ന വിവരം അറിഞ്ഞതോടെ നാട്ടുകാർ ആശങ്കയിലായി. വളർത്തുമൃ-ഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും രാത്രിയിലും പുലർകാലത്തും പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും വനപാലകർ നിർദേശിച്ചു. രണ്ടുദിവസം മുമ്പ് കല്ലുമാളം ഭാഗത്തും പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടിരുന്നു. ഒരുമാസം മുമ്പാണ് ചാലിങ്കാൽ കരിഞ്ചാമുണ്ഡിക്കാവ്, കേന്ദ്രസർവകലാശാല പരിസരം, കമ്മാടത്തുപാറ, നാർക്കുളം പ്രദേശങ്ങളിൽ പുലിയെ കണ്ടത്. നാർക്കുളത്തിനടുത്ത് ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞില്ല. പിന്നീട് ചാലിങ്കാൽ മൊട്ട, മീങ്ങോത്ത്, അമ്പലത്തറ, പാറപ്പള്ളി, തട്ടുമ്മൽ, ആയമ്പാറ, പെരിയ ബസാർ എന്നിവിടങ്ങളിലും പുലി സാന്നിധ്യം സ്ഥിരീകരിച്ചു. ഈ ഭാഗത്ത് നിരവധി തെരുവ് നായ്ക്കളെയും വളർത്തുനായ്ക്കളെയും പുലി കൊന്നിട്ടുണ്ട്.

No comments