Breaking News

ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് തമ്പാൻ മാഷ് 29ന് പരപ്പ പോസ്റ്റോഫീസിൻ്റെ പടിയിറങ്ങും


പരപ്പ : നാട്ടിലും പട്ടാളത്തിലുമായി നീണ്ട 40 വർഷത്തെ പോസ്റ്റൽ സേവനത്തിൻ്റെ പരിചയ സമ്പന്നതയുമായി ചായ്യോത്തെ എം.വി തമ്പാൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നു. 

1986 ൽ വെള്ളരിക്കുണ്ട് ബ്രാഞ്ച് ഓഫീസിൽ എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ഓഫ് ഡെലിവറി ഏജന്റായി (EDDA) ജോലി തുടങ്ങിയ തമ്പാൻ  1991 ഫെബ്രുവരിയിൽ ആർമി പോസ്റ്റ് ഓഫീസിൽ ചേർന്നു. നാഗപൂരിലും തുടർന്ന് പഞ്ചാബ്, സിക്കിം, ഡൽഹി, ജമ്മു കശ്മീർ, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ ആർമി പോസ്റ്റൽ സർവ്വീസിൽ ജോലി ചെയ്തു.  2006ൽ ആർമിയിൽ നിന്നും കേരളത്തിൽ മടങ്ങിയെത്തി ജോലി തുടർന്നു. ചിറ്റാരിക്കാൽ, കാഞ്ഞങ്ങാട്, നീലേശ്വരം, ആനന്ദാശ്രമം തുടങ്ങിയ പോസ്റ്റാഫീസുകളിൽ ക്ലറിക്കൽ തസ്തികയിലിരുന്നു ജോലി. തുടർന്ന് പോസ്റ്റ്മാഷായി പ്രമോഷനോടെ പരപ്പ, പടന്ന, ചെറുവത്തൂർ, ചിറ്റാരിക്കാൽ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ എൽ എസ് ജി പോസ്റ്റുമാഷായി പരപ്പ ഹെഡ് പോസ്റ്റാഫീസിൽ നിന്നും വിരമിക്കുകയാണ് തമ്പാൻ മാഷ്. 

പ്രിയപ്പെട്ടവരുടെ കത്തുകൾക്കായി പോസ്റ്റാഫീസിൻ്റെ മുറ്റത്ത് ആളുകൾ കൂട്ടമായി നിന്നിരുന്ന കാലം. പോസ്റ്റൽ ജീവനക്കാരൻ വീട്ടുപേരുകൾ ഉറക്കെ വിളിച്ച് പറയുമ്പോൾ ഓടി വന്ന് കത്തുകൾ ഏറ്റുവാങ്ങുന്നവർ.. അകലെയുള്ള പ്രിയപ്പെട്ടവർ അയക്കുന്ന മണിഓർഡർ കൈപ്പറ്റുമ്പോൾ കണ്ണ് നനയുന്നവർ.. ഇ-മെയിലുകൾ ഇല്ലാത്ത കാലത്ത് ഇൻ്റർവ്യൂ കാർഡുകൾ കൈമാറുമ്പോൾ പ്രതീക്ഷയുടെ പുഞ്ചിരികളും അപ്പോയ്മെൻ്റ് ഓർഡർ കിട്ടുമ്പോൾ അവരുടെ വിങ്ങിപ്പൊട്ടുന്ന സന്തോഷങ്ങളും തൊട്ടറിഞ്ഞവരാണ് ഓരോ പോസ്റ്റൽ ജീവനക്കാരനും.

ഇൻലൻ്റും, പോസ്റ്റ്കാർഡും, മണി ഓർഡറും, സ്റ്റാമ്പുകളും നിറഞ്ഞ് നിന്നിരുന്ന പഴയ കാലത്തെ തപ്പാലാപ്പീസ് അനുഭവങ്ങൾക്കൊപ്പം ഡിജിറ്റലൈസായ പുതിയ കാലത്തെ മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച പോസ്റ്റൽ ജീവനക്കാരനാണ് തമ്പാൻ മാഷ്.


വെള്ളരിക്കുണ്ടിലെ പരേതനായ മുട്ടിൽ കുഞ്ഞമ്പു മുളവിനി കല്യാണി ദമ്പതികളുടെ മകനായ തമ്പാൻ ഇപ്പോൾ കുടുംബസമേതം ചായ്യോത്താണ് താമസം. ഭാര്യ ഷീജ.പി മക്കൾ വൈഷ്ണ തമ്പാൻ, അതുൽ കൃഷ്ണ. മരുമകൻ ഗോകുൽ രവി

No comments