കാറിലും വീട്ടിലും സൂക്ഷിച്ച 450 ഗ്രാം ഹാഷിഷ് എക്സൈസ് പിടികൂടി ഒരാൾ പിടിയിലായി
കാസർകോട്: കാറിലും വീട്ടിലും സൂക്ഷിച്ച 450 ഗ്രാം ഹാഷിഷ് എക്സൈസ് പിടികൂടി. ഒരാൾ പിടിയിലായി. ഒരാൾ ഓടിപ്പോയി. കർണാടക കന്യാന മടകുഞ്ച സ്വദേശിയും മണ്ണംകുഴി തെക്കകുന്ന് താമസക്കാരനുമായ കലന്തർ ഷാഫി(30)യെയാണ് കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും നടത്തിയ റെയ്ഡിലാണ് ഹാഷിഷ് പിടികൂടിയത്. മണ്ണംകുഴി തേക്കേക്കുന്ന് നടന്ന വാഹന പരിശോധനയിൽ സ്വിഫ്റ്റ് കാറിൽ 130 ഗ്രാം ഹാഷിഷ് കണ്ടെത്തുകയായിരുന്നു. പരിശോധന നടക്കുന്നതിനിടെ കാറിലുണ്ടായിരുന്ന പച്ചത് ബയൽ സ്വദേശി മൊയ്തീൻ യാസിർ ഓടിപ്പോയി. കലന്തർ ഷാഫിയുടെ മൊഴിയെ തുടർന്ന് യാസിറിന്റെ വീട്ടിലെ കിടപ്പുമുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 320 ഗ്രാം ഹാഷിഷ് കൂടി കണ്ടെത്തി. കഴിഞ്ഞ ആഴ്ച കലന്തർ ഷാഫിയെ 100 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കർണാടകയിലെ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഇയാൾ. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)കെവി മുരളി, പ്രിവന്റീവ് ഓഫിസർ(ഗ്രേഡ്)മാരായ കെ നൗഷാദ്, സി അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, അതുൽ ടി വി, വനിത സിവിൽ എക്സൈസ് ഓഫീസർ റീന വി, ഡ്രൈവർ സജീഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
No comments