Breaking News

ആരോരുമില്ലാത്ത ഇരിയയിലെ കുട്ടിയമ്മയ്ക്ക് ഇത്തവണത്തെ വിഷു പഞ്ചായത്ത് നൽകിയ സ്നേഹവീട്ടിൽ കാഞ്ഞങ്ങാട് എം എൽ എ ഇ.ചന്ദ്രശേഖരൻ കുട്ടിയമ്മയ്ക്ക് സ്നേഹ വീടിൻ്റെ താക്കോൽ കൈമാറി


പാറപ്പള്ളി: ആരോരുമില്ലാതെ കഴിഞ്ഞ 25 വർഷത്തിലധികമായി മുട്ടിച്ചരൽ കടൽ കാട്ടിപ്പാറയിൽ  ഓല കുടിലിൽ താമസിക്കുന്ന കുട്ടിയമ്മയ്ക്ക് ഈ വിഷുവിന് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ സ്നേഹവീട്ടിൽ വിഷുക്കണി ഒരുക്കാം. കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ മുട്ടിച്ചരലിൽ കടൽ കാട്ടിപ്പാറ എന്ന സ്ഥലത്ത് പുറമ്പോക്ക് ഭൂമിയിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന 75 വയസ്സുകാരി കുട്ടിയമ്മയ്ക്കാണ് സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യലിസ്റ്റിൽ ഉൾപ്പെടുത്തി വീടു നിർമ്മിച്ചു നൽകിയത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ നിന്നും വിവിധ ജോലികളെടുത്താണ് മുട്ടിച്ചരലിൽ എത്തുന്നത്.പുറമ്പോക്ക് ഭൂമിയിൽ താമസിച്ചു വരവെ സ്വന്തമായി സ്ഥലമില്ലാത്തതുകൊണ്ടും താമസിക്കുന്ന ഭൂമിയ്ക്ക് പട്ടയം ലഭിക്കാത്തതു കൊണ്ടും സർക്കാർ പദ്ധതികളിലൊന്നും വീടും ലഭിച്ചില്ല. നിലവിലുള്ള ഭരണസമിതി വന്നതിനു ശേഷം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ വാർഡിൽ ഈസ്ഥിതിയിൽ താമസിക്കുന്ന ഏക വ്യക്തിയായ കുട്ടിയമ്മയ്ക്ക് ചെറിയൊരു വീടു നിർമ്മിച്ചു നൽകാൻ നാട്ടുകാരുടെ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.അതോടൊപ്പം റേഷൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയും ഉണ്ടാക്കി നൽകി.വാർധക്യകാല പെൻഷൻ, കുടിവെള്ള പദ്ധതി കണക്ഷൻ, അഗതികൾക്കുള്ള ഭക്ഷ്യകിറ്റ് എന്നിവയെല്ലാം ഇതിനു ശേഷം നൽകാനും കഴിഞ്ഞു.വീടു നിർമ്മാണം ആരംഭിച്ച ഘട്ടത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി വരുന്നത്. മറ്റു തടസ്സങ്ങളെല്ലാം ഒഴിവാക്കി പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മനോഹരമായ വീട് പൂർത്തീകരിച്ചത്.നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വികാരനിർഭരമായ അന്തരീക്ഷത്തിൽ കാഞ്ഞങ്ങാട് MLA ഇ.ചന്ദ്രശേഖരൻ കുട്ടിയമ്മയ്ക്ക് സ്നേഹ വീടിൻ്റെ താക്കോൽ കൈമാറി.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ.എസ്സ് അദ്ധ്യക്ഷത വഹിച്ചു.

നിർമ്മാണ പ്രവർത്തനം ഭംഗിയായി പൂർത്തീകരിച്ച കല്ല്യോട്ടെ ശാസ്ത ഗംഗാധരന് MLA ഉപഹാരം നൽകി. CDS വൈ: ചെയർ പേഴ്സൺ പി.എൽ.ഉഷ, എ.സലിം, ടി.കെ.രാമചന്ദ്രൻ, ടി.കെ.കലാരഞ്ജിനി, ബി.മുരളി, വി.റെനീഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പഞ്ചായത്ത് VE0 സജിൻ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ നന്ദി അർപ്പിച്ചു സംസാരിച്ചു.

No comments