Breaking News

നാട്ടുകാരുടെ ഉറക്കം കളഞ്ഞുകൊണ്ട് പറക്കളായിയിലെ പുലി ; കോടോം ബേളൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പുലിയെ കണ്ടത് നാട്ടുകാരെ ഭയപ്പാടിലാക്കിയിട്ടുണ്ട്


അമ്പലത്തറ : പറക്കളായിയിൽ ചൊവ്വ രാത്രി വീണ്ടും പുലിയിറങ്ങി. തിങ്കൾ രാത്രി പുലിയെ കണ്ട പറക്കളായി കല്ലട ചീറ്റയിലെ വികാസിന്റെ വീട്ടുപറമ്പിൽ തന്നെയാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ പുലി നടക്കുന്ന ദൃശ്യവും പതിഞ്ഞത്.വികാസ് ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. പറക്കളായിയിലെ വീട്ടിൽ ആൾതാമസമില്ല. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈലിൽ ഡൽഹിയിലിരുന്ന് പരിശോധിച്ചപ്പോഴാണ് പുലി കറങ്ങുന്നത് കണ്ടത്. തിങ്കളാഴ്ച വീട്ടിലെ വളർത്തുനായയെ പുലി പിടികൂടിയിരുന്നു. നാട്ടിലുള്ള കുടുംബാംഗങ്ങൾ വീട്ടിലെത്തി

പരിശോധിച്ചപ്പോഴാണ് സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടത്. ഇതേ തുടർന്ന് വികാസ് ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ നിന്ന് മൊബൈൽ ഫോൺ വഴി സിസിടിവി തത്സമയ ദൃശ്യങ്ങൾ നോക്കുന്നതിനിടെയാണ് വീട്ടിലെ അടുക്കള ഭാഗത്ത് ചുറ്റിത്തിരിയുന്ന പുലിയെ കണ്ടത്. രാത്രി 8.05 നും 8.10 നുമിടയിലുള്ള സമയത്ത് പുലി വീട്ടുമുറ്റത്തുള്ളതാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്ത് മറ്റുവീടുകളില്ല. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കോടോം ബേളൂർ പഞ്ചായത്തിലെ മണ്ടേങ്ങാനം, ചക്കിട്ടടുക്കം, നായ്ക്കയം എന്നിവിടങ്ങളിൽ പുലിയെ കണ്ടത് നാട്ടുകാരെ ഭയപ്പാടിലാക്കിയിട്ടുണ്ട്.

No comments