Breaking News

കരിന്തളം ബാങ്ക് മുക്കുപണ്ട പണയ തട്ടിപ്പ് 916 മുദ്ര പതിപ്പിക്കാൻ ഉപയോഗിച്ച ഉപകരണം പിടിച്ചെടുത്തു


നീലേശ്വരം : കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നീലേശ്വരം രാജാ റോഡിൽ താരാ കോംപ്ലക്സിൽ
പ്രവർത്തിക്കുന്ന ദേവനന്ദ ഗോൾഡിൽനിന്ന് 916 മുദ്ര പതിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. സ്വർണത്തിന്റെ പരിശുദ്ധിയെ കുറിക്കുന്ന 916 മുദ്ര വ്യാജ സ്വർണത്തിൽ പതിപ്പിച്ചാണ് കഴിഞ്ഞ 17ന് സംഘം കരിന്തളം ബാങ്കിൽ പണയം വയ്ക്കാനായി എത്തിയത്. ബാങ്ക് ജീവനക്കാരുടെ അവസരോചിത ഇടപെടലിലൂടെയാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. ഇരിട്ടി പടിയൂർ സ്വദേശിയും ചെറുവത്തൂർ പുതിയകണ്ടത്ത് താമസക്കാരനുമായ ടി ഷിജിത്ത്, നീലേശ്വരത്തെ കടയിലെ സെയിൽസ് ഗേളായ വി രമ്യ, നീലേശ്വരം രാജാ റോഡിലെ ദേവനന്ദ ഗോൾഡ് ഉടമ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി പി വി ബിജു എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ഇവർ റിമാൻഡിലാണ്. രമ്യയും ഷിജിത്തും ഫാൻസി കടയിൽനിന്ന് വാങ്ങിയ മുക്കുപണ്ടത്തിന് ബിജുവിന്റെ ജ്വല്ലറിയിൽനിന്ന് 916 മുദ്ര പതിപ്പിക്കുകയായിരുന്നു. 26.400 ഗ്രാം വ്യാജ സ്വർണവുമായാണ് സംഘം ബാങ്കിലെത്തിയത്. നീലേശ്വരം എസ്ഐ കെ വി രതീശന്റെ നേതൃത്വത്തിലാണ് ജ്വല്ലറിയിൽ പരിശോധന നടത്തി 916 മുദ്ര പതിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തത്. സംഘം ഇതേ മാതൃകയിൽ മറ്റ് ധനകാര്യ സ്ഥാപനത്തിലും തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

No comments