Breaking News

ബീഫിനും പൊറോട്ടയ്‌ക്കുമായി ആത്മഹത്യാ ഭീഷണി ; ടെറസിൽ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി കരിന്തളം കാട്ടിപ്പൊയിലിലാണ് സംഭവം


കരിന്തളം : വെട്ടുകത്തിയുമായി അയൽവാസിയുടെ വീടിന്റെ ടെറസിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലിസും ഫയർഫോഴ്സും നാട്ടുകാരും കീഴടക്കി താഴെയിറക്കി. ഞായർ പകൽ ഒന്നരയോടെ കിനാനൂർ കരിന്തളം കാട്ടിപ്പൊയിൽ ഉമിച്ചിപ്പള്ളത്തെ ശ്രീധരനാണ് അയൽവാസി ലക്ഷ്യമയുടെ വീടിനുമുകളിൽ ഏണിയിലൂടെ കയറിയത്. തുടർന്ന് ഏണി മുകളിലേക്കെടുത്തുവച്ചു. പിന്നീട്കൈയ്യിൽ കരുതിയ കത്തിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. നീലേശ്വരം എസ്ഐ കെ വി പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം. നാട്ടുകാരും പോലീസും പലയിടങ്ങളിൽ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാൽ ബീഫും പൊറോട്ടയും കിട്ടിയില്ല. ഉടൻ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇതിനിടെ എസ്ഐ കെ വി പ്രദീപനും സിവിൽ പൊലിസ് ഓഫീസർമാരായ രാജീവൻ കാങ്കോൽ, സജിൽകുമാർ, ഹോംഗാർഡ് ഗോപിനാഥൻ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളിൽ കയറി ശ്രീധരനെ പിടികൂടി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ താഴെ ഇറക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരൻ മുമ്പും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.


No comments