Breaking News

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് ... മലയോരത്തും ഇയാൾ കവർച്ചകൾ നടത്തിയിട്ടുണ്ട്


കാസർകോട്: നൂറിലധികം കവർച്ചാ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് നടുവിൽ പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ നെടുമല സന്തോഷ് എന്ന തൊരപ്പൻ സന്തോഷ് കാപ്പാക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്നിറങ്ങി. ഇയാളെ നീലേശ്വരത്ത് കണ്ടതായ വിവരത്തെ തുടർന്ന് ജാഗ്രതപാലിക്കാൻ പൊതുജനങ്ങളോടും വ്യാപാരികളോടും പൊലീസ് അറിയിച്ചു. കണ്ണൂർ, കാസർകോട് അതിർത്തിപ്രദേശങ്ങളാണ് തൊരപ്പൻ സന്തോഷിന്റെ വിഹാരരംഗം. ചുമർ തുരന്ന് കവർച്ചായാണ് ഇയാളുടെ സ്വഭാവം.
മലഞ്ചരക്ക് കടകളുടെ പുറകുവശത്തെ ചുമർ കമ്പിപാരയും മറ്റും ഉപയോഗിച്ചു തുരന്ന് ദ്വാരമുണ്ടാക്കി അതിലൂടെ കയറിയാണ് ഇയാൾ കുരുമുളകും കൊട്ടടയ്ക്കയുമൊക്കെ മോഷ്ടിച്ചിരുന്നത്. ഈ മോഷണ ശൈലികാരണമാണ് സന്തോഷിന് തൊരപ്പനെന്ന പേർ പൊലിസും നാട്ടുകാരും നൽകിയത്. ജയിലിൽ നിന്നുമിറങ്ങി ഒന്നോരണ്ടോ ആഴ്ചയ്ക്കുള്ളിൽ മോഷണം നടത്തണമെന്നത് തൊരപ്പന് നിർബന്ധമാണ്. ഇതുകാരണം തൊരപ്പൻ ജയിലിൽ നിന്നിറങ്ങിയാൽ പൊലീസ് ഇയാളെ നിരീക്ഷിക്കാറുണ്ട്. നേരത്തെ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലും മോഷണങ്ങൾ നടത്തിയിരുന്നു. ഇയാളെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് നീലേശ്വരം പൊലീസ് അഭ്യർഥിച്ചു.

No comments