ഐസ്ക്രീമിൽ ഭക്ഷ്യവിഷ ബാധയെന്ന് സംശയം ; പനത്തടിയിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ചികിത്സയിൽ ഐസ്ക്രീം നിർമാണ സ്ഥാപനം അധികൃതർ അടപ്പിച്ചു
രാജപുരം : ഐസ്ക്രീമിൽ ഭക്ഷ്യവിഷ ബാധയെന്ന് സംശയം. പനത്തടിയിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ചികിത്സയിൽ. പാണത്തൂരിലെ ഐസ്ക്രീം നിർമാണ സ്ഥാപനം അധികൃതർ അടപ്പിച്ചു. ഭക്ഷ്യവിഷ ബാധയെ തുടർന്ന് വയറിളക്കവും ഛർദ്ദിയും ബാധിച്ച് നിരവധി കുട്ടികളെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും പാണത്തൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.പനത്തടി പഞ്ചായത്തിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് ഐസ് ക്രീം കഴിച്ചവർക്കാണ്
വിഷബാധയുണ്ടായത്. രണ്ട് ദിവസമായി നിരവധി പേരാണ് പൂടംകല്ലിലെ താലൂക്ക് ആശുപ്രതിയിലും പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്. അമ്പതിലേറെ പേർ ആശുപ്രതിയിൽ എത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്.കുണ്ടുപ്പള്ളിയിലെ ശ്രീഹരി (14), മൈലാട്ടിയിലെ എസ് ശ്രേയ ദാസ് (11), പുത്തൂരടുക്കത്തെ സിയോൺ (7), കുണ്ടുപ്പള്ളിയിലെ ശാലിനി, മകൾ നൈനിക (5), പെരുതടിയിലെ രാധ തുടങ്ങിവരാണ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ളത്. പഞ്ചായത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയൊ ലൈസൻസോ മറ്റ് അനുമതിയോ ഇല്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഐസ് ക്രീം നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. സ്ഥാപനം പൂട്ടിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പറഞ്ഞു.
No comments