Breaking News

കാസർകോട്ട് എ.ടി.എം കൊള്ളയടിക്കാൻ ശ്രമം പണം സൂക്ഷിച്ചിട്ടുള്ള ഭാഗത്തെ ഡോർ തകർത്താണ് കൊള്ളയ്ക്ക് ശ്രമിച്ചത്



കാസർകോട്:കാസർകോട്ട് എ.ടി.എം കൊള്ളയടിക്കാൻ ശ്രമം. എംജി റോഡിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം തകർക്കാനാണ് ശ്രമം ഉണ്ടായത്. വിഷു ദിവസമായ തിങ്കളാഴ്ച രാത്രി ഒന്നേകാൽ മണിയോടെയാണ് സംഭവം. പണം സൂക്ഷിച്ചിട്ടുള്ള ഭാഗത്തെ ഡോർ തകർത്താണ് കൊള്ളയ്ക്ക് ശ്രമിച്ചത്. ലക്ഷ്യം കാണാത്തതിനെ തുടർന്ന് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരാണ് എ.ടി.എം കൊള്ളയടിക്കാൻ ശ്രമിച്ച കാര്യം ആദ്യം അറിഞ്ഞത്. അസിസ്റ്റന്റ് മാനേജർ എ.കെ മിഥില നൽകിയ പരാതി പ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
ഇതിനിടയിൽ കാസർകോട് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ വ്യാപാര സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ സംഭവവും ഉണ്ടായി. ആലംപാടി, ദാറുൽ നജാത്തിലെ നൗഷാദിന്റെ പരാതിയിൽ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് മോഷണം നടന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വിഷു ദിവസമായ തിങ്കളാഴ്ച പുലർച്ചെ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻമകജെ, ഇടിയടുക്കയിലെ കെ. അബ്ബാസ് അലിയുടെ വീട്ടിൽ നിന്നു എട്ടുപവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും മോഷണം പോയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ നിരീക്ഷണ ക്യാബിനിൽ പൂട്ടിയിട്ട ശേഷം വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കടന്നാണ് കവർച്ച നടത്തിയത്. സംഭവ സമയത്ത് വീട്ടുടമസ്ഥനും കുടുംബവും മംഗ്ളൂരുവിലായിരുന്നു.



No comments