മലയോരത്ത് നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എൻ.എ.പി.എം) കേരളാ ഘടകം പിന്തുണ പ്രഖ്യാപിച്ചു
വെള്ളരിക്കുണ്ടു് : വന്യജീവി ആക്രമണ പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് പ്രഖ്യാപിക്കപെട്ടിരിക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എൻ.എ.പി.എം) കേരളാ ഘടകം പിന്തുണ പ്രഖ്യാപിച്ചു.കേരളത്തിലെ ജനസംഖ്യയിൽ മൂന്നിലൊന്നിലൊന്നിനെ ബാധിക്കുന്ന മനുഷ്യ വന്യജീവി സംഘർഷത്തിന് പരിഹാരം കണ്ടെത്തുന്നതിൽ പുലർത്തുന്ന ഉദാസീനത വലിയ തിരിച്ചടികൾക്ക് കാരണമാവുമെന്ന് എൻ.എ.പി.എം ൻ്റെ കോഴിക്കോട് ചേർന്ന സംസ്ഥാന സമിതി യോഗം മുന്നറിയിപ്പുനൽകി. വർഷങ്ങൾ കഴിയുംതോറും ഈ പ്രശ്നം കൂടുതൽ സങ്കീർണ്ണമാവുകയാണ്. എന്നാൽ വനം വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയില്ലായ്മക്ക് കേരളീയ സമൂഹം കനത്ത വില നൽകേണ്ടിവരും.
മനുഷ്യ വന്യജീവി സംഘർഷം സംബന്ധിച്ച് ഒരു വർഷത്തോളം നീണ്ടുനിന്ന പഠനത്തെ തുടർന്ന് എൻ.എ.പി.എം.കേരള ഘടകം തയ്യാറാക്കിയ കരടു റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനും അതിൻ്റെ അടിസ്ഥാനത്തിൽ കാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു
പ്രധാനമായും എൻ. എ. പി. എം. പഠന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു കൊണ്ടാണ് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ കർഷകസ്വരാജ് സത്യാഗ്രഹം പ്രഖ്യാപിച്ചിരിക്കുന്നത്. കർഷകസ്വരാജ് സത്യാഗ്രഹ പതാക എൻ.എ.പി.എം. ദേശീയ കൺവീനർ സഞ്ജയ് മംഗൾഗോപാൽ വെള്ളരിക്കുണ്ട് ഉൾപ്പെടുന്ന ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സി. രഘുനാഥനെ നൽകി കൊണ്ടാണ് പിന്തുണ പ്രഖ്യാപിച്ചത്. ദേശീയ നേതാക്കളായ പ്രഫുല്ല സാമന്തറായി, പ്രൊഫ. ആനന്ദകുമാർ, പ്രൊഫ.സത്യനാരായണ, സി.ആർ. നീലകണ്ഠൻ തുടങ്ങിയവരും സംസ്ഥാന ഭാരവാഹികളായ പ്രൊഫ. കുസുമം ജോസഫ്, അഡ്വ. അനീഷ് ലൂക്കോസ്, ശരത് ചേലൂർ, ജോൺ പെരുവന്താനം, ഹാഷിം ചേന്ദംപള്ളി , വിജയരാഘവൻ ചേലിയ തുടങ്ങിയവരും സംസാരിച്ചു.
അനിശ്ചിത കാല കർഷകസ്വരാജ് സത്യാഗ്രഹത്തിനു മുന്നോടിയായി, മെയ് 27 ന് ആരംഭിച്ച് 29 ന് സമാപി ക്കുന്ന 48 മണിക്കൂർ ഉപവാസ സത്യാഗ്രഹം സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിൽ കേരളത്തിലെയും കർണാടകയിലെയും തമിഴ്നാട്ടിലെയും സ്വതന്ത്ര കർഷക സംഘടനാനേതാക്കളും വിവിധ മതനേതാക്കളും സാംസ്കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. ഉപവാസപരിപാടിയുടെ സമാപന സമ്മേളനത്തിൽ അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹമാരംഭിക്കുന്നതിൻ്റെ തിയതി പ്രഖ്യാപിക്കും.
സണ്ണി പൈകട ,
ചെയർമാൻ, കർഷകസ്വരാജ് സത്യാഗ്രഹ സമിതി.
No comments