കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാതക്ക് കുറുകെ മാവുങ്കാൽ ദേശീയപാത മേൽപ്പാലത്തിന് മുകളിൽ നിന്ന് റബ്ബർകട്ട തലയിൽ വീണ് വീട്ടമ്മക്ക് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട് : മാവുങ്കാലിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ മേൽപ്പാലത്തിന് മുകളിൽനിന്ന് റബ്ബർകട്ട തലയിൽവീണ് വീട്ടമ്മക്ക് ഗുരുതര പരിക്ക്. ബല്ല അത്തിക്കൊത്തെ സിന്ധു(44)വിനാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപ്രതിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ഭർത്താവ് ഗണേശന്റെ ചാലിങ്കാലിലെ വീട്ടിൽനിന്ന് മകൻ ഷംജിതിനൊപ്പം സ്വന്തംവീട്ടിലേക്ക് പോകാൻ മാവുങ്കാലിൽ ബസിറങ്ങി മേൽപ്പാലത്തിനടിയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉയരത്തിൽനിന്ന് 40 കിലോ ഭാരമുള്ള റബ്ബർ കട്ട തലയിൽ വീഴുകയായിരുന്നു. ഷംജിത് പരിക്കേൽക്കാരെ രക്ഷപ്പെട്ടു. മൂന്നുമാസം കിടത്തി ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടർ പറയുന്നത്. കാഞ്ഞങ്ങാട്-- പാണത്തൂർ സംസ്ഥാന പാതക്ക് കുറുകെ മാവുങ്കാൽ ദേശീയപാത മേൽപ്പാലത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി ഒരുഭാഗത്തുകൂടെ വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. പാലത്തിന്റെ വശങ്ങളിലെ നിർമാണ പത്തിക്കുപയോഗിച്ച റബ്ബർ കട്ടയാണ് യുവതിയുടെ ദേഹത്തേക്ക് വീണത്. സിന്ധുവിന്റെ പല്ലുകൾ ഇളകി കഴുത്തിനും ഷോൾഡറിനുമടക്കം ഗുരുതരമായി പരിക്കേറ്റു. അർധബോധാവസ്ഥയിലായ വീട്ടമ്മയെ നാട്ടുകാരാണ്
ആശുപത്രിയിലെത്തിച്ചത്. നിർമാണത്തിലെ അപാകതയെത്തുടർന്ന് ചെങ്കള -- മുതൽ തളിപ്പറമ്പ് വരെയുള്ള റീച്ചിന്റെ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ ആരോപണം ഉയരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്. കമ്പനി പെരിയ ദേശീയപാതയിൽ നിർമിച്ച മേൽപ്പാലവും പുല്ലൂർ
മൂലക്കണ്ടംഭാഗത്തെ മേൽപ്പാലവും നേരത്തെ നിർമാണത്തിനിടെ തകർന്നിരുന്നു.
No comments