പരപ്പഫെസ്റ്റ് കലാസന്ധ്യയിൽ 'കാലനും കഞ്ചനും': നാട്ടുമൊഴിയിലൂടെ ലഹരിക്കെതിരെ പ്രതിരോധ സന്ദേശവുമായി അഥീന
പരപ്പ: 'കാലമായോരെ കയറിൽ കുരുക്കി തെക്കോട്ടെടുക്കും കരിങ്കാലൻ.. കാലാ കാലാകാല...." എന്നു തുടങ്ങുന്ന വരികളിലൂടെ കാലനും കഞ്ചനും അരങ്ങ് കീഴടക്കുന്നു. മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഥീന നാടക നാട്ടറിവ് വീട് അരങ്ങിലെത്തിക്കുന്ന നാട്ടുമൊഴി നാടൻ പാട്ട് മേളയിലാണ് ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി 'കാലനും കഞ്ചനും ' എന്ന പേരിൽ ദൃശ്യാ വിഷ്കാരം പരപ്പ ഫെസ്റ്റ് വേദിയിൽ അവതരിപ്പിച്ചത്.
ലഹരിക്ക് അടിമപ്പെട്ട കൗമാരത്തിൻ്റെ പ്രതീകം എന്ന നിലയിലാണ് " കഞ്ചൻ" എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.
മനോഹരമായ സദസ്സിനെ അലങ്കോലമാക്കാൻ ശ്രമിക്കുന്ന ലഹരിക്കടിമയായ യുവാവിനെ കയറിൽ കുരുക്കി വേദിയിലെത്തിച്ച് കുറ്റവിചാരണ നടത്തി യമപുരിയിലേക്ക് കൊണ്ടു പോകുന്ന "കാലൻ " എന്ന കഥാപാത്രവും അരങ്ങിൽ നിറയുന്നു. തുടർന്ന് കലയും കായികവും സാഹിത്യവുമാകണം ജീവിത ലഹരി എന്ന സന്ദേശം വേദിയിൽ തെളിയുന്നു.
ഉത്തര മലബാറിലെ നാടൻ പാട്ടു സമിതികളുടെ പാട്ടരങ്ങുകളുടെ പതിവു രീതികളിൽ നിന്നും വ്യത്യസ്തമായി ഉത്സവഛായയുള്ള ദൃശ്യാവിഷ്കാരങ്ങളോടൊപ്പം കാഴ്ചക്കാരന് സന്ദേശങ്ങൾ പകരുന്ന ദൃശ്യങ്ങളും ഒരുക്കിയാണ് " അഥീന " നാടൻ പാട്ടു മേള അവതരിപ്പിക്കുന്നത്..
ഹരിത കർമ്മ സേനക്ക് ആദരമർപ്പിക്കുന്ന " കാക്കമ്മ" , വയോജന സംരക്ഷണം നമ്മുടെ കടമയാണെന്ന് ഓർമ്മപ്പെടുത്തുന്ന "മുത്തശ്ശനും മുത്തശ്ശിയും", അമ്മയുടെയും കുഞ്ഞിൻ്റേയും ഉദാത്ത സ്നേഹത്തിൻ്റെ മാതൃക തീർക്കുന്ന "പരുന്തമ്മയും കുഞ്ഞും ", കാന്താര സിനിമയെ ആസ്പദമാക്കിയ ദൃശ്യവിരുന്ന് ഉൾപ്പെടെ വ്യത്യസ്തങ്ങളായ പതിനൊന്ന് ദൃശ്യാവിഷ്കാരങ്ങളും ഇരുപതിലേറെ കലാരൂപങ്ങളുമായി നാട്ടുകലകളുടെ വർണ്ണക്കാഴ്ചകളുമായാണ് അഥീനയിലെ കലാകാരന്മാർ പരപ്പ ഫെസ്റ്റ് വേദിയിൽ നിറഞ്ഞാടിയത്. കയ്യടി ചോദിച്ച് വാങ്ങാതെ, പിടിച്ചും വലിച്ചും കാഴ്ച്ചക്കാരെ വേദിയിലെത്തിക്കാതെ നാടൻ പാട്ടുമേള പ്രേക്ഷകരിലെത്തിച്ചാണ് അഥീനയുടെ പ്രോഗ്രാം വേറിട്ടതാക്കുന്നത്.
കാലനും കഞ്ചനും രചന നിർവ്വഹിച്ചത് മാധ്യമ പ്രവർത്തകനും പ്രഭാഷകനുമായ രാധാകൃഷ്ണൻ പട്ടാന്നൂരും ശരത്കൃഷ്ണ സംഗീതവും നൽകി ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവം, ശ്രീജിത്ത് ഇരിണാവ്, ശ്രീത്തു ശ്രീ, പവനാസ്, പ്രണവ് , പൊന്നാമ്പല എന്നിവരാണ് ആലപിക്കുന്നത്.
ഓടപ്പഴം അവാർഡ് ജേതാവ് മഹേഷ് കീഴറയും സുധീ കോട്ടയംതട്ടുമാണ് റിഥം നിർവ്വഹിച്ചത്.
നാടക പ്രവർത്തകനും സിനിമാ നടനും ഓടപ്പഴം അവാർഡ് ജേതാവുമായ നന്ദു ഒറപ്പടി, കണ്ണൂർ എസ് എൻ കോളജ് വിദ്യാർത്ഥി വിധുൻ വി കോറളായിയുമാണ് കാലനും കഞ്ചനുമായി വേഷമിടുന്നത്. നാടക-നാടൻ കലാപ്രവർത്തകൻ ജിജു ഒറപ്പടിയാണ് രംഗഭാഷ്യം ഒരുക്കിയത്.
പരപ്പ ഫെസ്റ്റിൽ ഇന്ന് (ഏപ്രിൽ 4 ) അലോഷിയുടെ ഗാനമാധുരി അരങ്ങേറും
No comments