Breaking News

അന്ത്യ അത്താഴ സ്‌മരണയില്‍ ഇന്ന് പെസഹ വ്യാഴം, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന, നാളെ ദുഃഖവെള്ളി


വെള്ളരിക്കുണ്ട് : ക്രിസ്‌തുവേദന്‍റെ അന്ത്യ അത്താഴ സ്‌മരണയില്‍ വിശ്വാസികള്‍ക്ക് ഇന്ന് പെസഹ വ്യാഴം. യേശുവിന്‍റെ കുരിശ് മരണത്തിന് മുമ്പ് തന്‍റെ 12 ശിഷ്യന്മാര്‍ക്കൊപ്പം കഴിച്ച അവസാന അത്താഴത്തിന്‍റെ സ്‌മരണയായാണ് പെസഹ വ്യാഴം ആചരിക്കുന്നത്. പള്ളികളിലും ദേവാലയങ്ങളിലും ഇന്ന് തിരുവത്താഴ ദിവ്യബലിയും കാല്‍കഴുകല്‍ ശ്രൂശ്രഷയും ഉണ്ടായിരിക്കും.

കാല്‍ കഴുകള്‍ ശുശ്രൂഷയാണ് ഈ ദിനത്തിലെ പ്രധാന ചടങ്ങ്. അത്താഴം കഴിക്കുന്നതിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയിരുന്നുവെന്നാണ് വിശ്വാസം. കഴുകിയ പാദങ്ങളില്‍ ചുംബിച്ച അദ്ദേഹം താന്‍ നിങ്ങളെ സ്‌നേഹിക്കുന്നത് പോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവീന്‍ എന്ന് കല്‍പ്പിച്ചു. ഇതിന്‍റെ ഓര്‍മയ്‌ക്കായാണ് ഈ ചടങ്ങ് നടക്കുന്നത്.

ഈ ചടങ്ങുകള്‍ക്ക് ശേഷം ദേവാലയങ്ങളില്‍ അപ്പം മുറിക്കല്‍ ചടങ്ങും നടക്കും. അവസാന അത്താഴ സമയത്ത് യേശു തന്‍റെ പാത്രത്തിലെ അപ്പമെടുക്കുകയും അത് തന്‍റെ ശരീരമാണെന്ന് പറയുകയും തുടര്‍ന്ന് അത് വിഭജിച്ച് ശിഷ്യന്മാര്‍ക്ക് നല്‍കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ ഓര്‍മയ്‌ക്കായാണ് അപ്പം മുറിക്കല്‍ ചടങ്ങ് നടക്കുക.

അത്താഴത്തില്‍ യേശു ശിഷ്യന്മാര്‍ക്ക് വീഞ്ഞും പങ്കുവച്ചു. ഇതിന്‍റെയെല്ലാം ഓര്‍മയ്‌ക്കായി ദേവാലയങ്ങളില്‍ ഇന്ന് കുര്‍ബാനയും നടക്കും. സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ദിനമാണ് പെസഹ വ്യാഴം. ക്രൈസ്‌തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ തുടങ്ങും.

ദേവാലയങ്ങളിലെ കുര്‍ബാനയ്‌ക്ക് ശേഷം വിശ്വാസികള്‍ക്ക് പുരോഹിതര്‍ അപ്പവും വീഞ്ഞും നല്‍കും. ഇതോടെ ചടങ്ങുകള്‍ക്ക് പരിസമാപ്‌തിയാകും. യേശു നാഥന്‍റെ കുരിശുമരണ സ്‌മരണയില്‍ നാളെ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കും.

No comments