വേനൽമഴയിൽ പച്ചയണിഞ്ഞ് റാണിപുരം പുൽമേട്; സഞ്ചാരികളുടെ എണ്ണത്തിൽ വർധന...
രാജപുരം : വേനൽ മഴയിൽ പച്ചപ്പണിയാൻ തുടങ്ങി റാണിപുരം പുൽമേട്. പച്ചപ്പിനൊപ്പം കോടമഞ്ഞും പൊതിഞ്ഞതോടെ മലകയറാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധന ഉണ്ടായതായി ബന്ധപ്പെട്ടവർ അറിയിച്ചു. വേനലവധി തുടങ്ങിയിട്ടും ചൂട് കൂടിയതും മലമുകളിൽ പച്ചപ്പില്ലാത്തതും സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം വനമേഖലയിൽ വേനൽ മഴ ലഭിച്ചതിനാൽ പുൽമേടുകൾ തളിർത്ത് പച്ചപ്പ് വ്യാപിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലായിട്ടുണ്ട്.
ആഴ്ചകൾക്ക് മുൻപ് റാണിപുരം മാനിമലയിലുണ്ടായ തീപിടിത്തത്തിൽ 10 ഹെക്ടറോളം വരുന്ന പുൽമേട് കത്തിക്കരിഞ്ഞിരുന്നു. പുൽമേട് ഇല്ലാതായതോടെ സഞ്ചാരികളുടെ വരവിലും കുറവുണ്ടായി. എന്നാൽ മഴ ലഭിച്ചതോടെ കത്തിക്കരിഞ്ഞ 10 ഹെക്ടർ പുൽമേട് മുഴുവൻ പച്ചപ്പണിയാൻ തുടങ്ങി. ഇതോടെയാണ് സഞ്ചാരികളുടെ വരവ് വർധിച്ചത്.
No comments