Breaking News

അപകടകരമായ രീതിയിൽ ഫോർച്യൂണർ കാറോടിച്ച് റീൽസ് ചിത്രീകരിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി


കാസർകോട്: അപകടകരമായ രീതിയിൽ ഫോർച്യൂണർ കാറോടിച്ച് റീൽസ് ചിത്രീകരിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി. കാറോടിച്ച ആളെ ആണ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഉപ്പള, സോങ്കാൽ, കോടിബയലിലെ മുഹമ്മദ് റിയാസ് (19) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളി-മായിപ്പാടി റോഡിലെ രാജസ്ഥാൻ മാർബിളിനു സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം. വിവരമറിഞ്ഞ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി വിനോദ് കുമാർ, എസ്.ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തിയപ്പോൾ അഭ്യാസം നടത്തിക്കൊണ്ടിരുന്ന കാർ അമിത വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. പിന്തുടർന്ന് പൊലീസ് അനന്തപുരത്ത് വച്ചാണ് കാർ പിടികൂടിയത്.
നേരത്തെ കുമ്പള സ്കൂൾ ഗ്രൗണ്ടിനു സമീപത്തും പച്ചമ്പളയിലും സമാനരീതിയിൽ റീൽസ് ചിത്രീകരണം നടന്നിരുന്നു. പച്ചമ്പളയിലെ ചിത്രീകരണത്തിനിടയിൽ താർ ജീപ്പ് തീപിടിച്ച് കത്തി നശിച്ചിരുന്നു. ഭാഗ്യത്തിനാണ് അന്ന് ആളപായം ഒഴിവായത്. അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരണം നടത്തിയാൽ കർശന നടപടിയെടുക്കുമെന്നു ഇൻസ്പെക്ടർ കെ.പി വിനോദ് കുമാർ പറഞ്ഞു.

No comments