Breaking News

അരങ്ങേറ്റത്തിന്റെ ആർഭാട ചിലവുകൾ ഒഴിവാക്കി കാരുണ്യ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചുകൊണ്ട് "നല്ല തുടക്കം" കുറിക്കാൻ വെള്ളരിക്കുണ്ടിലെ ഒരുകൂട്ടം നൃത്ത വിദ്യാർഥികൾ


വെള്ളരിക്കുണ്ട് : അരങ്ങേറ്റത്തിന്റെ അധിക ചിലവുകൾ ഒഴിവാക്കി ആ തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി വെള്ളരിക്കുണ്ടിലെ ഒരുകൂട്ടം നൃത്ത വിദ്യാർഥികൾ.വെള്ളരിക്കുണ്ടിൽ പ്രവർത്തിക്കുന്ന തപസ്യ സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് എന്ന സ്ഥാപനത്തിലെ നൃത്ത വിദ്യാർഥികളാണ് വേറിട്ട രീതിയിൽ അരങ്ങേറ്റം അവതരിപ്പിക്കുന്നത്.

മുൻകാലങ്ങളിൽ സ്ഥാപനത്തിന് അരങ്ങേറ്റ സമയത്ത് ലഭ്യമാകുന്ന തുകയിൽ നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കാറുണ്ട്. ഇത്തവണ പരപ്പ തോടം ചാൽ സിറ്റിസൺ ക്ലബ്ബിൻ്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്കും , മാവുങ്കാൽ സേവാഭാരതിയുടെ പ്രവർത്തന ഫണ്ടിലേക്കും സംഭാവന നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. മലയോരത്ത്  വിവിധ ജീവകാരുണ്യപ്രവർത്തങ്ങൾ നടത്തുന്ന പരപ്പ തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്കുള്ള സംഭാവന തപസ്യ ഡയറക്ടർ സന്തോഷ് നാട്യാഞ്ജലിയിൽ നിന്നും, ക്ലബ്ബ് ഭാരവാഹികളായ അനൂപ്(സെക്രട്ടറി), അയൂബ് സബാൻ (പ്രസിഡൻ്റ്), സുധീഷ് (ട്രഷറർ) എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അരങ്ങേറ്റം നടക്കുന്ന ദിവസം പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കാനും തീരുമാനമായി. 


 1993 ഏപ്രിൽ 16നാണ് ഈ കലാസ്ഥാപനം വെള്ളരിക്കുണ്ടിൽ ആരംഭിച്ചത്. 2023 മുതൽ മണിപ്പൂർ വീർ തിക്കേന്ദർജിത് യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബംഗളൂരു സഞ്ചാരി കലാപരിഷത്തിൻ്റെ അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെയും, കാസറഗോഡ് ജില്ലയിലെ ഏക കലാ പരിശീലന കേന്ദ്രവുമാണ് തപസ്യ . കേരള സർക്കാരിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ കലാപരിശീലനവും തപസ്യയിൽ നടത്തിവരുന്നു. തപസ്യയിലെ ഭരതനാട്യം വിദ്യാർത്ഥികളുടെ അരങ്ങേറ്റം മെയ് 2 ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ നൃത്തമണ്ഡപത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. ഉദ്ഘാടന ചടങ്ങിൽ മേക്കാട്ടില്ലത്ത് കുഞ്ഞിരാമപട്ടേരി ദീപം തെളിയിക്കും. വെള്ളരിക്കുണ്ട് തഹസിൽദാർ. പി വി മുരളി ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ, പ്രശസ്ത എഴുത്തുകാരിയും, സിനിമാ-നാടക കലാകാരിയും, സാമൂഹിക പ്രവർത്തകയുമായ  സി.പി ശുഭടീച്ചർ മുഖ്യാതിഥി ആയിരിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡൻ്റ് ശ്രീ തോമസ് ചെറിയാൻ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. ഷോബി ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് പ്രശസ്ത നാടൻ പാട്ട് കലാകാരൻ സുനിൽ കണ്ണൻ്റെ നേതൃത്വത്തിൽ സംഗീത സായാഹ്നവും, രാത്രി 7 മണിക്ക് ഭരതനാട്യ അരങ്ങേറ്റവും നടക്കുന്നതാണ്.


പത്രസമ്മേളനത്തിൽ തപസ്യ ഡയറക്ടർ സന്തോഷ് നാട്യാഞ്ജലി, ശ്രീ. മോഹനൻ, ശ്രീമതി രജനിരാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

No comments