Breaking News

കാസർകോട് ജില്ലയിൽ ആറുദിവസത്തിനിടെ പെയ്തത് 410 മില്ലിമീറ്റർ മഴ


കാസർകോട് ജില്ലയിൽ ആറുദിവസത്തിനിടെ പെയ്തത് 410 മില്ലിമീറ്റർ മഴ. മെയ് മാസത്തിലെ അവസാന വാരത്തിലെ പ്രതീക്ഷിത 73.9 മില്ലീമീറ്ററാണ്. ഇതിന്റെ അഞ്ചിരട്ടിയിലധികം മഴയാണ് ജില്ലയിൽ ലഭിച്ചത്. 26 മുതൽ 30 വരെ തീയ്യതികളിലെ കണക്കാണിത്. 24 മണിക്കൂറിനിടെ കൂടുതൽ മഴ ജില്ലയിലാണ്. മഞ്ചേശ്വരം, കാസർകോട് താലൂക്കിൽ വെള്ളി പകൽ നാലുവരെ 24 മണിക്കൂറിനിടെ 247 മില്ലീമീറ്റർ മഴയുണ്ടായി. ഇതിൽ ഭൂരിഭാഗവും അവസാന 12 മണിക്കൂറിലാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മഞ്ചേശ്വരം താലൂക്കിലെ ഉപ്പളയിലാണ്. 269 മില്ലീമീറ്റർ അതിതീവ്രമഴ. മഞ്ചേശ്വരത്ത് 247.2 മില്ലിമീറ്ററും മഴയുണ്ടായി. കാസർകോട് താലൂക്കിലെ കുവിൽ 201 മില്ലീമീറ്ററായിരുന്നു മഴ. ജില്ലയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. അറബിക്കടലിൽ കാറ്റിന്റെ ശക്തി കുറയുന്നതിനാൽ ശനിയാഴ്ച മുതൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. പുഴയോരത്ത് പ്രളയ മുന്നറിയിപ്പ് ജലനിരപ്പ് ഉയർന്നതിനാൽ പുഴയോരത്തുള്ളവർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകി. മൊഗ്രാൽ, ഉപ്പള, നീലേശ്വരം പുഴയോരത്ത് ഓറഞ്ച് അലർട്ടും കാര്യങ്കോട് പുഴയോരത്ത് മഞ്ഞ അലർട്ടുമാണ്. തേജസ്വിനി പുഴകരകവിഞ്ഞതിനെത്തുടന്ന് പൊതാവൂർ, മയ്യിൽ, കയ്യൂർ, ചെറിയാക്കര, കൂക്കോട്ട്, വെള്ളാട്ട്, കണിയാട, കിനാനൂർ, നീലായി, പാലായി, ചാത്തമത്ത്, പൊടോതുരുത്തി,കാര്യങ്കോട് ഭാഗത്ത് വെള്ളം കയറി.

No comments