പരപ്പ ബ്ലോക്കിന് ദേശീയ പുരസ്‌കാരം ; ജനകീയ ആഘോഷവും അനുമോദനവും ഞായറാഴ്ച രാവിലെ നടക്കും (18-05-2024)
പരപ്പ : ആസ്പിരേഷണൽ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി രാജ്യത്തെ ബ്ലോക്കുകളിൽ നിന്നും പൊതുഭരണ മികവിനുള്ള 2024 ലെ ദേശീയ പുരസ്കാരം പരപ്പ ബ്ലോക്ക് പഞ്ചായത്ത് നേടി. ട്രോഫിയും പ്രശംസാപത്രവും 20 ലക്ഷം രൂപയുമാണ് ഈ പുരസ്കാരത്തിൽ ഉൾപ്പെടുന്നത്.
രാജ്യത്തെ 500 ബ്ലോക്കുകളിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ആസ്പിരേഷണൽ ബ്ലോക്ക് പരിപാടി 2023 ജനുവരി 7 ന് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രധാന വികസന മേഖലകളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെലുകൾ പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി. ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് ബ്ലോക്ക് പഞ്ചായത്ത് നേടിയിരുന്നു. ഇതിന്റെ ഭാഗമായി 3.5 കോടി രൂപ അവാർഡായി ലഭിക്കുകയും ചെയ്തു. ആസ്പിരേഷണൽ ബ്ലോക്ക് പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാകുന്നതിനായി സഹായമാകുന്ന പദ്ധതികളുടെ പ്രൊപ്പോസലുകൾ നീതി ആയോഗിന് അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ ബ്ലോക്ക് പരിധിയിലെ ഭിന്നശേഷി വിഭാഗക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനായി ALIMCO യുടെ സഹായത്തോടെ ക്യാമ്പ് നടത്തുകയും 16 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗ സംരംക്ഷണം, തദ്ദേശ സ്വയം ഭരണ വകുപ്പ്, ലീഡ് ബാങ്ക്, പി.എം.എ.വൈ., ലൈഫ്, കുടുംബശ്രീ, ജില്ലാ ടി.ബി. സെന്റർ, അക്ഷയ, ജല അതോറിറ്റി, പട്ടികവർഗ്ഗ ക്ഷേമം, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ആസ്പിരേഷണൽ പ്രോഗ്രാമിൽ ഉൾപ്പെട്ടിരിക്കുന്നത്.
വികസന വിടവുകൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനായി നിലവിലുള്ള പദ്ധതികൾക്ക് പുറമെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. പട്ടികവർഗ്ഗ മേഖലയിലെ ആരോഗ്യ പരിപാടിയായ സഞ്ജീവനി, ABCD ക്യാമ്പയിൻ ഉൾപ്പെടെ ഇതിന്റെ ഭാഗമായി നടന്നു വരുന്നു.
ഇത്തരത്തിൽ ജില്ലാ തലത്തിൽ ജില്ലാ കളക്ടർ മുതൽ ഗ്രാമതലം വരെയുള്ള ഉദ്യോഗസ്ഥരുടെയും ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളുടെയും കാര്യക്ഷമമായ ഇടപെലുകളൂടെയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന് ദേശീയ പുരസ്കാരം ലഭ്യമായത്. കേരളത്തിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിന് ഇത്തരത്തിൽ ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത്. ഇത്തരം ഒരു ബഹുമതി നമ്മുടെ നാടിന് ലഭിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിനൊപ്പം പ്രവർത്തിച്ച മുഴുവൻ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മറ്റ് പൊതുജനങ്ങളോടും ഭരണ സമിതി നന്ദി രേഖപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന ജനകീയ അനുമോദന ചടങ്ങിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
പത്രസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, ഷോബി ജോസഫ് (ബ്ലോക്ക് മെമ്പർ) ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഹാസ്.സി.എം, ജോയിന്റ് ബി.ഡി.ഒ. ബിജുകുമാർ.കെ.ജി. എന്നിവർ സംബന്ധിച്ചു.
No comments