കരുവന്നൂര്‍ കേസ്; മൂന്ന് സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍; ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. സിപി ഐഎം പാര്‍ട്ടിയെയും തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് കുറ്റപത്രം. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി. ഇതോടെ മൊത്തം പ്രതികള്‍ 83ആയി.
തട്ടിപ്പ് നടത്തിയത് വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടിയാണെന്ന് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ സ്വത്തുക്കളില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എ സി മൊയ്തീന്‍ എംഎല്‍എ, എംഎം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ എംപി എന്നീ മുന്‍ ജില്ലാ സെക്രട്ടറിമാരാണ് പ്രതികളായത്. സിപിഐഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായിരുന്ന കെ സി പ്രേമരാജനും പ്രതിയാണ്. എ സി മൊയ്തീന്‍ 67ാം പ്രതിയും എം എം വര്‍ഗീസ് 69ാം പ്രതിയും കെ രാധാകൃഷ്ണന്‍ 70ാം പ്രതിയുമാണ്. എന്നാല്‍ നേരത്തെ ഇ ഡി മുമ്പ് ചെയ്ത മുന്‍ എംപി പി കെ ബിജു, കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എംകെ കണ്ണന്‍ എന്നിവരെ പ്രതി ചേര്‍ത്തിട്ടില്ല.
വടക്കാഞ്ചേരി നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ മധു അമ്പലപുരമാണ് കേസിലെ ഒന്നാം പ്രതി. സിപിഐഎം പൊറത്തുശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എആര്‍ പീതാംബരന്‍, പൊറത്തുശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എംബി രാജു എന്നിവരാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ മറ്റ് പ്രതികള്‍.
No comments