Breaking News

14 വർഷക്കാലം മുടങ്ങാതെയുള്ള കുടിവെള്ള വിതരണം : ജനാർദ്ദനന് ബിരിക്കുളം പൗരാവലിയുടെ ആദരവ്


ബിരിക്കുളം : കഴിഞ്ഞ 14 വർഷമായി ബിരിക്കുളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മുടങ്ങാതെ രണ്ട് നേരം ശുദ്ധമായ കിണർവെള്ളം എത്തിക്കുന്ന കോളംകുളത്തെ കെ. ജനാർദ്ദനന് ബിരിക്കുളം നാടിൻ്റെ ആദരവ്. രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നും കിണർവെള്ളം കോരിയെടുത്താണ് ബിരിക്കുളത്ത് കുടിവെള്ളം എത്തിക്കുന്നത്. കഠിനമായ ചൂടിൽ യാത്രക്കാർക്കും അതോടൊപ്പം വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും ഏറെ പ്രയോജന പ്രദമാണ് ഈ കുടിവെള്ള സംവിധാനം. 

ഒരു കൊച്ചു കുട്ടി അടുത്തുള്ള ഒരു ഹോട്ടലിൽ തിരക്കുള്ള സമയം അൽപ്പം വെള്ളത്തിനായി കാത്തു നിൽക്കുന്നത് കണ്ട ജീവകാരുണ്യ പ്രവർത്തകൻ പരേതനായ ഇബ്രാഹിം കുട്ടി ഹാജി ഒരു വാട്ടർ ടാങ്ക് വാങ്ങിക്കൊണ്ട് വന്നു ജനാർദ്ദനനെ ഏൽപ്പിച്ചതാണ് അന്ന് മുതൽ ഇന്നുവരെ ഒരു ദിവസം പോലും മുടങ്ങാതെ തുടരുന്നു ഈ മഹത് കർമ്മം. ജീവനോപാധിക്കായി ഓട്ടോറിക്ഷ ഓടിക്കുന്ന ജനാർദ്ദനൻ ഇതിനിടയിലും കുടിവെള്ളം എത്തിക്കുന്നത് മുടക്കാറില്ല. ഓട്ടോ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) നേതാവ് കൂടിയാണ് ജനാർദ്ദനൻ.

മുടങ്ങാതെ കുടിവെള്ളം വിതരണം നടത്തുന്ന ജനാർദ്ദനനെ  ബിരിക്കുളം പൗരാവലി ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്ത് ഉപഹാരസമർപ്പണം നടത്തി.

പി രത്നാകരൻ അധ്യക്ഷത വഹിച്ചു.കുഞ്ഞിരാമൻ നായർ, ടി എ രവീന്ദ്രൻ,കെ ചന്ദ്രൻ, അനീഷ് ടി എ വി കൂടോൽ, സരസൻ എന്നിവർ സംസാരിച്ചു.

ജോസ് ടി വർഗീസ് സ്വാഗതവും സതീശൻ കാളിയാനം നന്ദിയും പറഞ്ഞു .തടിച്ചുകൂടിയ പൗരാവലിക്ക് പായസ വിതരണവും നടത്തി

No comments