പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു
പത്തനംതിട്ട: ഹോം നഴ്സിൻറെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ 59 കാരൻ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. അൽഷിമേഴ്സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം നഴ്സ് വിഷ്ണു അതി ക്രൂരമായി മർദ്ദിച്ചത്. നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. മരണത്തിന് കാരണം ഹോം നഴ്സാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മർദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. വീടിനുള്ളിൽ പലഭാഗത്തായി പൊലീസ് രക്തക്കറ കണ്ടെത്തി. വീട്ടിൽ ഹോം നഴ്സും ശശിധരൻപിള്ളയും മാത്രമാണ് താമസിച്ചിരുന്നത്. ശശിധരൻപിള്ളയ്ക്ക് വീണുപരിക്കേറ്റെന്ന് കളവ് പറഞ്ഞാണ് വിഷ്ണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പരിക്കുകളിൽ ഡോക്ടർമാർക്ക് സംശയം തോന്നിയപ്പോഴാണ് വീടിനുള്ളിലെ സിസിടിവി ബന്ധുക്കൾ പരിശോധിച്ചത്. അങ്ങനെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്. ജോലി ആവശ്യത്തിനായി ശശിധരപിള്ളയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും തിരുവനന്തപുരം പാറശ്ശാലയിലാണ് താമസം. രോഗബാധിതനെ പരിചരിക്കാൻ ഏജൻസി വഴിയാണ് വിഷ്ണുവിനെ ജോലിക്ക് നിർത്തിയത്.
സിസിടിവി ഉള്ളത് കൊണ്ട് മാത്രമാണ് സംഭവം പുറത്തറിഞ്ഞതെന്ന് വാർഡ് അംഗമായ പ്രസാദ് പറയുന്നു. ''അടുക്കളയിൽ നിന്നാണ് നഗ്നനായ മനുഷ്യനെ വലിച്ചിഴച്ചു കൊണ്ട് പോകുന്നത്. തല കൊണ്ടുവന്ന് ഭിത്തിയിലിടിപ്പിച്ചതിന്റെ ചോരപ്പാടുകൾ ഇപ്പോഴും അവിടെയുണ്ട്. എഴുന്നേറ്റ് നടക്കാതിരിക്കാൻ ശശിധരൻപിള്ളയുടെ രണ്ട് കാലും ഇവൻ തല്ലിയൊടിച്ചിട്ടാണ്, തല കൊണ്ടുവന്ന് ഭിത്തിയിലിടിപ്പിച്ചത്. ഇവൻ സ്ഥിരം മദ്യപാനിയാണ്. എഴുന്നേറ്റ് നടക്കാതിരിക്കാൻ വേണ്ടിയാണ് കട്ടിലിൽ അടിച്ചൊടിച്ച് ഇട്ടിരിക്കുന്നത്. മദ്യപിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ ഈ പരുവത്തിലാക്കിയിട്ടത്.'' വാർഡ് അംഗമായ പ്രസാദ് കുമാർ ന്യൂസിനോട് പ്രതികരിച്ചു.
No comments