പൊലീസുകാരനെയടക്കം 2പേരെ കുത്തിപ്പരിക്കേല്‍പിച്ചു; ബേഡകത്തു നിന്നും മുങ്ങിയ പ്രതികള്‍ കന്യാകുമാരിയില്‍പിടിയിൽ
കാസർകോട്: കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പൊലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ സഹോദരങ്ങൾ പിടിയിൽ. ജിഷ്ണു, വിഷ്ണു എന്നിവരെ കന്യാകുമാരിയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാസം 19 നാണ് ബിംബൂങ്കാല്‍ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് എന്നിവരെ സഹോദരങ്ങൾ കുത്തി പരിക്കേൽപ്പിച്ചത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. ജിഷ്ണുവും വിഷ്ണുവും ലഹരിക്കടിമകളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
സരീഷിന് വയറ്റിലാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ സൂരജിന് താടിക്കാണ് പരിക്കേറ്റിരുന്നത്. സംഭവസ്ഥലത്ത് നിന്ന് കൊടുവാള്‍, കത്തി തുടങ്ങിയ ആയുധങ്ങളും ചോര പുരണ്ട വസ്ത്രവും പൊലീസ് കണ്ടെടുത്തിരുന്നു. ആക്രമണത്തിന് ശേഷം ഇരുവരും ഒളിവിൽ പോകുകയായിരുന്നു. കൊലക്കുറ്റം അടക്കം ചുമത്തിയാണ് ബേഡകം പൊലീസ് കേസെടുത്തിട്ടുള്ളത്. എട്ട് വര്‍ഷം മുമ്പ് കോട്ടയത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് കുടിയേറിയ യുവാക്കള്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ്.
No comments