Breaking News

മണലിറക്കുന്നതിനിടെ യുവാവിനെ വാളുപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തി, മംഗളുരു വീണ്ടും അശാന്തം, നിരോധനാജ്ഞ




മംഗളൂരു: മം​ഗളൂരുവിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. മംഗളൂരുവിലെ ബണ്ട്വാൾ താലൂക്കിലെ കുരിയാലയ്ക്ക് സമീപം ഇരകൊടിയിൽ ചൊവ്വാഴ്ച പിക്കപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ യുവാവിനെ അക്രമികൾ വാളുകൊണ്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കൊളത്തമജലു സ്വദേശിയായ ഇംതിയാസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

മണൽ ഇറക്കുന്നതിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ വാളുകൊണ്ട് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഇംതിയാസിനെ സഹായിക്കുകയായിരുന്ന ഡ്രൈവർ റഹിമാനാണ് പരിക്കേറ്റത്. മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അക്രമികൾ ഇംതിയാസിനെ വെട്ടിക്കൊലപ്പെടുത്തിയതായി സ്ഥലത്തെത്തിയ ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് യതീഷ് എൻ സ്ഥിരീകരിച്ചു.കൊലപാതകത്തെത്തുടർന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലും ദക്ഷിണ കന്നഡ ജില്ലയിലെ മറ്റ് അഞ്ച് താലൂക്കുകളിലും 2023 ലെ ഭാരതീയ നാഗരിക സുരക്ഷാ സൻഹിറ്റിലെ സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബജ്റം​ഗ്ദൾ പ്രവർത്തകർ കൊല്ലപ്പെട്ടത്.

ജില്ലാ പൊലീസ് പരിധിയിൽ പൊതുസമാധാനത്തിനും ക്രമസമാധാനത്തിനും തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് മെയ് 27 ന് ഇൻ ചാർജ് ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായ ഡോ. ആനന്ദ് കെ ഉത്തരവ് പുറപ്പെടുവിച്ചു. ബണ്ട്വാൾ, ബെൽത്തങ്ങാടി, പുത്തൂർ, കടബ, സുള്ള്യ താലൂക്കുകളിൽ മെയ് 27 ന് വൈകുന്നേരം 6.00 മണി മുതൽ മെയ് 30 ന് വൈകുന്നേരം 6.00 മണി വരെ നിരോധനാജ്ഞ പ്രാബല്യത്തിൽ ഉണ്ടാകും.

No comments