Breaking News

നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂൾ കെട്ടിടം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു


നീലേശ്വരം : സമസ്തമേഖലകളിലും വികസനം അനുഭവ സാധ്യമാക്കിയ സര്‍ക്കാറാണ് കേരളത്തിലേതെന്ന് പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നീലേശ്വരം ചിറപ്പുറത്ത് നിര്‍മ്മിച്ച നീലേശ്വരം നഗരസഭാ പ്രത്യാശ ബഡ്‌സ് സ്‌കൂളിനുള്ള പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

 വിശന്നിരിക്കുന്ന ഒരാള്‍പോലും കേരളത്തില്‍ ഉണ്ടാകരുത് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന അതി ദരിദ്രരില്ലാത്ത കേരളം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് കേരളം മുന്‍ഗണന നല്‍കുകയാണ്. മുഴുവന്‍ ആളുകള്‍ക്കും വരുമാനം നല്‍കുന്നതിനായി മൈക്രോ സംരംഭ പദ്ധതി ആരംഭിച്ചു. മൂലധനം നല്‍കാന്‍ വിവിധ ധനകാര്യസ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി ഉണ്ടാക്കി. ഓഖി, നിപ്പ, കോവിഡ്, പ്രളയം തുടങ്ങി ഇന്ന് കാലവര്‍ഷകെടുതി വരെ ദുരന്ത നിവാരണരംഗത്ത് കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജനതയെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. 


ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ കാര്യത്തിലും സര്‍ക്കാറിന് കൃത്യമായ കാഴ്ചപ്പാടുണ്ട്.  ഭിന്നശേഷി ബാധ്യതയായി കാണാതെ അത് മറികടക്കാനുള്ള മനസ്സുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും അതിനാലാണ് കേരള സര്‍ക്കാര്‍ മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാനസീക പിന്‍തുണ നല്‍കുന്നതിനും അത്തരം കുട്ടികളെ ചേര്‍ത്ത് പിടിക്കുന്നതിനുമാണ് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിക്കുന്ന ബഡ്‌സ് സ്‌കൂളില്‍ കുട്ടികളുടെ മാനസീക വികാസത്തിനും ആവശ്യമായ തെറാപ്പികളും ആക്ടിവിറ്റികളും നല്‍കി വരുന്നു. കുട്ടികളുടെ അമ്മമാര്‍ക്ക് വരുമാനം നല്‍കുന്ന രീതിയില്‍ നടത്തുന്ന ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് ബഡ്‌സ് സ്‌കൂളിലെ അമ്മമാര്‍ക്ക് പരിശീലനം നല്‍കി ഉയര്‍ത്തി കൊണ്ടുവരണം എന്നും മന്ത്രി പറഞ്ഞു. 


  ഉദ്ഘാടന ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ എഞ്ചിനീയര്‍ പി. സാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.2,35,80000 രൂപ വകയിരുത്തി നിരമിച്ചതാണ് കെട്ടിടം. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.പി രവീന്ദ്രന്‍, ഷംസുദ്ധീന്‍ അരിഞ്ചിറ, വി.ഗൗരി, ടി.പി ലത, പി. ഭാര്‍ഗ്ഗവി, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ഇ. അശ്വതി, കെ.ജയശ്രീ, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, വി.വി ശ്രീജ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം. രാജന്‍, എറുവാട്ട് മോഹനന്‍, എം. അസിനാര്‍, ഇ.എം കുട്ടിഹാജി, റസാഖ് പുഴക്കര, പി.യു വിജയകുമാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, കെ.വി ചന്ദ്രന്‍, എം.ജെ ജോയി, സിഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാമോദരന്‍, മുന്‍ കൗണ്‍സിലര്‍ എ.വി സുരേന്ദ്രന്‍, പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി ജലജ, പി.ടി.എ പ്രസിഡന്റ് എ.ടി കുമാരന്‍, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി ശാന്ത സ്വാഗതവും നഗരസഭ സെക്രട്ടറി കെ. മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

No comments