Breaking News

നാസയുടെ സിറ്റിസൺ സയന്റിസ്റ്റ്‌ പ്രൊജക്ടിൽ അത്യപൂർവ നേട്ടവുമായി നീലേശ്വരം സ്വദേശിയായ 13 കാരൻ സൂര്യ നാരായണൻ; കണ്ടെത്തിയ രണ്ട്‌ ഛിന്നഗ്രഹങ്ങൾക്ക് പേരിടാനും അവസരം


നീലേശ്വരം : നാസയുടെ സിറ്റിസണ്‍ സയന്റിസ്റ്റ്‌ പ്രൊജക്ടില്‍ രണ്ട്‌ ഛിന്നഗ്രഹങ്ങളെ കണ്ടെത്തി നീലേശ്വരം സ്വദേശിയായ 13 കാരന്‍.

ബെംഗളൂരു അമരജ്യോതി പബ്ലിക്‌ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി സൂര്യ നാരായണന്‍ അരമനയാണ്‌ ഐഎഎസ്‌ സി എന്ന നാസ സിറ്റിസണ്‍ സയന്റിസ്റ്റ്‌ പ്രൊജക്ടില്‍ ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലെ പ്രധാന ഛിന്നഗ്രഹ വലയത്തില്‍ രണ്ട്‌ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത്‌. ഇവയ്‌ക്ക്‌ നിലവില്‍ 2023 വി.ബി 20, 2023 ഡബ്ല്യു.സി 48 എന്നിങ്ങനെയാണ്‌ പേരുകള്‍ നല്‍കിയിരിക്കുന്നത്‌. ഛിന്നഗ്രഹങ്ങളെ സൂര്യ നാരായണന്‍ പ്രാഥമികമായി അടയാളപ്പെടുത്തിയ വര്‍ഷങ്ങളെയാണ്‌ ഈ താല്‍ക്കാലിക പേര് സൂചിപ്പിക്കുന്നത്‌. ഇവയ്‌ക്ക്‌ സ്വന്തമായി പേര്‌ നല്‍കാനുള്ള ബഹുമതിയും സൂര്യയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

നീലേശ്വരം സ്വദേശി ഉമേശൻ അമരനയുടെയും പിലിക്കോട്‌ സ്വദേശിനി പി വി രമ്യ നായരുടെയും മകനാണ്‌ സൂര്യ നാരായണന്‍. ബെംഗളൂരുവില്‍  കണ്‍സ്‌ട്രക്ഷന്‍ കോൺട്രാക്ടർ ആണ്‌ ഉമേശൻ. എഞ്ചിനീയറിങ്‌ ബിരുദധാരിണിയായ രമ്യ സൈക്കോളജിസ്‌റ്റും ആണ്‌. സൂര്യനാരായണന്റെ ജനനവും പ്രാഥമിക വിദ്യാഭ്യാസവുമെല്ലാം ബെംഗളൂരുവില്‍ തന്നെയായിരുന്നു. പത്ത്‌ വയസ്‌ മുതല്‍ തന്നെ ബഹിരാകാശത്തെ സംബന്ധിക്കുന്ന വിഷയങ്ങളിലും ആസ്‌ട്രോണമിയിലും അതീവ തല്‍പരനായിരുന്നു സൂര്യനാരായണന്‍. പാഠപുസ്‌തകത്തിന്‌ പുറമെ ആസ്‌ട്രോണമി, ആസ്‌ട്രോഫിസിക്‌സ്‌ വിഷയങ്ങളിലെ പുസ്‌തകങ്ങള്‍ വായിക്കുന്നതും ശീലമാക്കി. അഞ്ചാം ക്ലാസിലെത്തിയതോടെ നാഷണല്‍ ആസ്‌ട്രോണമി ചലഞ്ചില്‍ പങ്കെടുത്തു തുടങ്ങി. ബഹിരാകാശ വിഷയങ്ങളില്‍ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെമ്പാടും നിന്നെത്തി മാറ്റുരയ്‌ക്കുന്ന മത്സരമായിരുന്നു ഇത്‌. ചലഞ്ചില്‍ ടോപ്‌ റാങ്ക്‌ നേടിയ സൂര്യ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായിരിക്കെ അന്തര്‍ദേശീയ ആസ്‌ട്രോ റിസര്‍ച്ച്‌ ക്യാമ്പയിനിന്റെ വിജ്ഞാപനം ശ്രദ്ധയില്‍ പെട്ടു. നാഷണല്‍ ആസ്‌ട്രോണമി ചലഞ്ചില്‍ തുടര്‍ച്ചയായി പങ്കെടുത്തു വരുന്ന സമയമായിരുന്നു അത്‌. ലാപ്‌ടോപും ഇന്റര്‍നെറ്റ്‌ കണക്ഷനും ഉള്ളവര്‍ക്ക്‌ പങ്കെടുക്കാവുന്ന പ്രൊജക്ട്‌ ആയിരുന്നു ഇത്‌. രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ പങ്കെടുത്ത ഐ എ എസ് സി ക്യാമ്പയിനുകളിലൂടെ പ്രാഥമിക പരീക്ഷണങ്ങളുടെ ഭാഗമായി 20 ല്‍ അധികം ഛിന്നഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. ഇതില്‍ രണ്ട്‌ ഗ്രഹങ്ങളെയാണ്‌ നിലവില്‍ നാസ അംഗീകരിച്ചത്‌.

ഹവായിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആസ്‌ട്രോണമിയിലെ പാന്‍- സ്റ്റാര്‍സ്‌ ടെലിസ്‌കോപ്പുകളില്‍ നിന്ന്‌ എടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ചലിക്കുന്ന വസ്‌തുക്കളെ കണ്ടെത്തുന്നതിന്‌ ആസ്‌ട്രോമെട്രിക്ക എന്ന സോഫ്‌റ്റ്‌ വെയര്‍ ആണ്‌ ഉപയോഗിച്ചത്‌. പ്രാഥമിക കണ്ടെത്തലുകള്‍ സമര്‍പ്പിച്ച്‌ ഒരു വര്‍ഷത്തിന്‌ ശേഷമാണ്‌  നാസ ഇത് സ്ഥിരീകരിച്ചത്‌. ഇതിന്‌ മുന്‍പ്‌ മൂന്ന്‌ പ്രൊജക്ടുകളിലായി 23 പ്രാഥമിക കണ്ടുപിടിത്തങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ സൂര്യ നടത്തിയിട്ടുണ്ട്‌. അക്കാദമിക്‌ മേഖലയിലും മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്‌. എസ്‌ ഒ എഫ്‌, സില്‍വര്‍സോണ്‍, എന്‍എസി എന്നിവയുള്‍പ്പെടെ വിവിധ ഒളിമ്പ്യാഡുകളില്‍ ഒന്നില്‍ അധികം അന്തര്‍ദേശീയ, സോണല്‍ റാങ്കുകള്‍ നേടിയിട്ടുണ്ട്‌. ഈ വര്‍ഷത്തെ സയന്‍സ്‌ ഒളിമ്പ്യാഡ്‌ ഫൗണ്ടേഷന്റെ അക്കാദമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ജേതാവ്‌ കൂടിയാണ്‌. ബെംഗളൂരു അമരജ്യോതി പബ്ലിക് സ്കൂളിൽ എൽകെജി വിദ്യാർത്ഥിനിയാണ് സൂര്യയുടെ സഹോദരി തേജസ്വി നാരായണൻ.

No comments