Breaking News

സൈഡ് നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി വാഹനമോടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ, ദാരുണാന്ത്യം



കൊച്ചി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ജിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു കിലോമീറ്ററോളം ബോണറ്റിൽ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ.

എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. തുറവൂര്‍ സ്വദേശി ജിജോയെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം. ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം.

ജിജോ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ് നല്‍കാത്തത് ജിജോ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ വിനയകുമാര്‍ ജിജോയെ ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് ജിജോ വീഴുകയായിരുന്നു. പരിക്കേറ്റ ജിജോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

No comments