റാണിപുരത്ത് പ്രകൃതിക്ക് ദോഷകരമായ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി
പനത്തടി : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്ന കമ്യൂണിസ്റ്റ് പച്ച, കൊങ്ങിണി തുടങ്ങിയ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുൽ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സെക്രട്ടറി ഡി വിമൽ രാജ്, ട്രഷറർ എം കെ സുരേഷ് എന്നിവർ പ്രസംഗിച്ചു. അധിനിവേശ സസ്യങ്ങളുടെ നിർമാർജനത്തിന് പുറമെ വൃക്ഷ തൈ നടൽ, സഞ്ചാരികൾക്കായി അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ, ചികിൽസാ സഹായ വിതരണം, വാച്ചർ കം ഗൈഡുമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം എന്നിവയും നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു കൃഷ്ണൻ ,കെ രതീഷ് ,ജി സൗമ്യ, സമിതി കമ്മിറ്റിയംഗം സി ശാലിനി, അരുൺ ജാണു , കെ സുരേഷ്, ബി കെ പ്രദീപ്, സി എങ്കാപ്പു, സിൽജോ ജോൺസൺ എന്നിവർ നേതൃത്വം നല്കി.
No comments