റാണിപുരം കുണ്ടുപ്പള്ളിയിൽ കാട്ടാന കൃഷി നശിപ്പിച്ചു
പാണത്തൂർ : റാണിപുരം കുണ്ടുപ്പള്ളിയിൽ കാട്ടാന കൃഷി നശിപ്പിച്ചു. കുണ്ടുപ്പള്ളിയിലെ പി മോഹനന്റെ കൃഷിയിടത്തിലാണ് ഇന്ന് പുലർച്ചെ ആന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചത്. കായ് ഫലമുള്ളതും ഇല്ലാത്തതുമായ 15 ഓളം തെങ്ങുകളും, പത്തോളം കമുകുകളും, നിരവധി വാഴകളുമാണ് ആന നശിപ്പിച്ചത്. മാസങ്ങളായി ഈ പ്രദേശത്ത് കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്. കാട്ടാനകളെ തടയുന്നതിനായി സ്ഥാപിച്ച സൗരോർജ്ജ വേലിയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി വേലി പ്രവർത്തന ക്ഷമമാക്കാത്തതാണ് ഈ മേഖലയിൽ ആന ഇറങ്ങി കൃഷി നശിപ്പിക്കാൻ കാരണമാകുന്നത്. സൗരോർജ്ജ വേലിയുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അത് പൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ല.കർഷകരുടെ വർഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായുള്ള ജീവനോപാദികളാണ് കാട്ടാനകൾ വന്ന് നശിപ്പിക്കുന്നത്. കാട്ടാനകളിൽ നിന്ന് കർഷകർക്ക് സംരക്ഷണം ഒരുക്കാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നത്.
No comments