ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു സമീപത്തെ 30 ഓളം കുടുംബങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചു.
ചെറുവത്തൂർ : ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. സമീപത്തെ 30 ഓളം കുടുംബങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചു. വനം വകുപ്പിന്റെ അധീനതയിലുള്ള തുരുത്തി കുളങ്ങാട്ട് മലയിൽ ഒന്നര അടിയോളം വീതിയിൽ 30 ഓളം മീറ്റർ ദൂരത്തിലാണ് വിള്ളൽ. കുഴിക്ക് ഒന്നരമീറ്ററിലധികം ആഴവുമുണ്ട്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് എംഎൽഎ എം രാജഗോപാലൻ, പഞ്ചായത്ത് പ്രസിഡന്റ് സിവി പ്രമീള, എഡിഎം പി അഖിൽ, വില്ലേജ് ഓഫീസർമാരായ കെ സുരേഷ്, വിനോദ് കണ്ണോത്ത് തുടങ്ങിയവരും ദുരന്ത നിവാരണ അതോറിറ്റി അധികൃതരും ഫയർഫോഴ്സും സ്ഥലത്തെത്തി. നെല്ലിക്കാൽ അംബേദ്കർ ഉന്നതിയിലെ മുപ്പത് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. പ്രദേശത്ത് ദുരിതാശ്വാസ ക്യാംപ് തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. തഹസിൽദാർ, ഹസാർഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോട് സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
No comments