കെ.എസ്.ഇബി ജീവനക്കാരെ അക്രമിച്ച് പൊലീസുകാരെ കൈയ്യേറ്റം ചെയ്ത 3 പേർ വധശ്രമ കുറ്റത്തിന് അറസ്റ്റിൽ
നീലേശ്വരം : തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് ജോലിയിൽ ഏർപ്പെട്ടിരുന്ന സബ് എഞ്ചിനിയർ ഉൾപ്പെടെ ഉള്ള ജീവനക്കാർക്ക് നേരെ അക്രമം. കൊച്ചാൽ കോളനി ജംഗ്ഷന് സമീപം ഇന്ന് രാവിലെയാണ് സംഭവം. സബ് എഞ്ചിനിയർ ശശി ആയിറ്റി, ഓവർസിയർ കെ സി ശ്രീജിത്ത്, ലൈൻമാൻ പി വി. പവിത്രൻ എന്നിവർക്ക് നേരെയാണ് ആക്രമണം നടത്തിയത്. ശശി ആയിറ്റിയെ അടിച്ച് താഴെയിടുകയും നിലത്തിട്ട് ചവിട്ടുകയും ശ്രീജിത്തിനെ മൂർച്ചയുള്ള ആയുധം കൊണ്ട് നെറ്റിക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയ തൈക്കടപ്പുറത്ത് ധനൂപ്, അനന്തം പള്ള സ്വദേശികളായ സുമിത്, ഷാജി എന്നിവരെ സംഭവ സ്ഥലത്ത് നിന്ന് തന്നെ നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. പവിത്രന്റെ പരാതിയിൽ പ്രതികളുടെ പേരിൽ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. വർക്ക് ആവശ്യത്തിന് വൈദ്യുതി ബന്ധം കട്ട് ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
No comments