വെള്ളരിക്കുണ്ട് താലൂക്കിലെ റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കൾ എത്തുന്നില്ലെന്ന് പരാതി കരാറുകാരൻ്റെ അനാസ്ഥക്കെതിരെ പ്രതിഷേധം
വെള്ളരിക്കുണ്ട്: റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ തയ്യാറാകാത്ത കരാറുകാരന്റെ നടപടി പ്രതിഷേധത്തിന് കാരണമാകുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ റേഷൻ കടകളിലേക്കാണ് കരാറുകാരൻ ഭക്ഷ്യവസ്തുക്കൾ എത്തിക്കാതെ റേഷൻകട ഉടമകളേയും ഉപഭോക്താക്കളേയും ഒരുപോലെ ദുരിതത്തിലാക്കുന്നത്. വാതിൽപടി റേഷൻ വിതരണം മുടക്കിയതോടെ സാധാരണക്കാരന്റെ അന്നവും മുടങ്ങിയിരിക്കുകയാണ്. ജില്ലയിലെ നാല് താലൂക്കുകളിലെ റേഷൻ കടകളിലേക്കും ഒരേ കരാറുകാരനാണ് സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ നിന്ന് റേഷൻ എത്തിക്കാൻ കരാർ എടുത്തത്. മറ്റു മൂന്ന് താലൂക്കിലും വീഴ്ചയില്ലാതെ സാധനങ്ങൾ എത്തിക്കുമ്പോൾ വെള്ളരിക്കുണ്ട് താലൂക്കിനോട് മാത്രമാണ് അവഗണന. 71റേഷൻകടകളാണ് താലൂക്കിൽ ഉള്ളത്. ജില്ലിയിൽ ഏറ്റവും കൂടുതൽ ആദിവാസി ഉന്നതികൾ ഉള്ള താലൂക്കാണ് വെള്ളരിക്കുണ്ട്. കർഷകതൊഴിലാളികളും സാധാരണ ജനവിഭാഗങ്ങളും കൂടുതലുള്ള മലയോര താലൂക്കിൽ റേഷൻ വിതരണം താറുമാറായിട്ട് മാസങ്ങളായി. മലമുകളിൽ നിന്ന് സഞ്ചിയുമായി റേഷൻ വാങ്ങാനെത്തി സാധനം ഇല്ലാതെ മടങ്ങേണ്ടി വരുമ്പോൾ റേഷൻകട ഉടമകളും കാർഡുടമകളും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതും ഇവിടെ പതിവായി. ഒന്നര മാസത്തേക്കള്ള ഭക്ഷ്യവസ്തുക്കൾ റേഷൻ കടകളിൽ സ്റ്റോക്ക് ഉണ്ടാകണം എന്നതാണ് നിയമം. എന്നാൽ അരമാസത്തേത് പലും കടകളിൽ സ്റ്റോക്ക് ഇല്ല. മഴക്കാലം തുടങ്ങിയതോടെ വറുതിയിലാകുന്ന ജനങ്ങളെ തീരാ ദുരിതത്തിലാക്കാനുള്ള കരാറുകാരന്റെ ശ്രമം ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കരാറുകാരൻ ഇതേ നിലപാട് തുടർന്നാൽ റഷൻകട അടച്ച് പ്രതിഷേധിക്കുമെന്ന് റേഷൻ കട വ്യാപാരികൾ പറയുന്നു.
No comments