Breaking News

സ്കൂൾ സമയമാറ്റം; സമസ്തയുടെ നിലപാടിനെതിരെ കത്തോലിക സഭ, രൂക്ഷ വിമര്‍ശനം ദീപിക മുഖപ്രസംഗത്തില്‍


കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സമസ്തയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. മതപഠനം കഴിഞ്ഞ് മതി വിദ്യാഭ്യാസം എന്ന നിലപാട് ശരിയല്ലെന്നാണ് വിമര്‍ശനം. മദ്രസ പഠനം 15 മിനിറ്റ് കുറച്ചാൽ പോരെ എന്ന് മുഖപത്രത്തില്‍ ചോദ്യം ഉയര്‍ത്തുന്നു. എതിർപ്പുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

സമസ്തയുടെ സമ്മർദ്ദം മതേതരത്വ വിരുദ്ധമാണ്. മറ്റു മതസ്ഥർ ഒഴിവ് ദിവസങ്ങളിലാണ് മത പഠനം നടത്തുന്നത്. മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങൾ നിലവിൽ തന്നെ മുസ്‌ലിം വിഭാഗത്തിന് ലഭിക്കുന്നുണ്ടെന്നും മുഖപ്രസംഗത്തിൽ വിമര്‍ശനം. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് വേണ്ടി സമയം നൽകുന്നത് സമസ്ത നേതാക്കൾ മറക്കുന്നു. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയാൽ മൗലിക വാദങ്ങൾക്ക് കടന്നുകയറാൻ വഴിയൊരുങ്ങും. ജനാധിപത്യ സംവിധാനത്തിൽ സീസറിനുള്ളത് ദൈവത്തിന് വേണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

സ്കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിലപാട്. സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും. എന്നാൽ ഇത് സമയമാറ്റമെന്ന തീരുമാനത്തിൽ മാറ്റം വരുത്താനല്ല, മറിച്ച് കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനായിരിക്കും എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. സമസ്ത ഉൾപ്പെടെ പരാതിയുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നും മന്ത്രി അറിയിച്ചു.

No comments