കേരളത്തിലേക്ക് മിനിലോറിയിൽ കടത്തിയ 1500 ലീറ്റർ സ്പിരിറ്റുമായി 3 പേർ കാസർഗോഡ് വെച്ച് പിടിയിൽ
കാസർകോട് : ഓണവിപണി ലക്ഷ്യമാക്കി കർണാടകയിൽ നിന്നു കേരളത്തിലേക്ക്
മിനിലോറിയിൽ കടത്തിയ 1500 ലീറ്റർ സ്പിരിറ്റുമായി 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വി.സി.തോമസ് (25), കാസർകോട്
അടുക്കത്ത്ബയലിലെ അനുഷ് (24), നെല്ലിക്കുന്നിലെ പ്രണവ് (24) എന്നിവരെയാണ് ഇൻസ്പെക്ടർ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് ദേശീയപാത കാസർകോട് അടുക്കത്തുബയൽ നിന്നാണു വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
35 ലീറ്റർ ശേഷിയുള്ള 48 കന്നാസുകളിലായിരുന്നു സ്പിരിറ്റ് ഉണ്ടായിരുന്നത്. മംഗളൂരുവിൽ നിന്നു കൊച്ചിയിലേക്ക് കടത്തുകയായിരുന്നു സ്പിരിറ്റ് എന്നു പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കൊച്ചിയിൽ നിർദേശിക്കപ്പെട്ട സ്ഥലത്ത് ഇവ എത്തിച്ചാൽ പറഞ്ഞുറപ്പിച്ച് പണം നൽകുമെന്നും ആർക്കു വേണ്ടിയാണു കടത്തുന്നതെന്ന് അറിയില്ല എന്നുമായിരുന്നു പ്രതികളുടെ മൊഴി എന്നു പൊലീസ് പറഞ്ഞു. ബോഡി കെട്ടിയ ലോറിയുടെ അകത്ത് കസേരകളും കാർപെറ്റുമായിരുന്നു. ലോറിയുടെ പിന്നിൽ കസേരകളും അകത്ത് ചുവപ്പ് നിറത്തിലുള്ള കാർപെറ്റ് കൊണ്ട് സ്പിരിറ്റ് നിറച്ച കന്നാസുകൾ മൂടിയ നിലയിലായിരുന്നു.
No comments