ആധി അകറ്റാൻ ആടി തെയ്യം ആയി മൂന്നാം ക്ലാസുകാരൻ ആദിനാഥ്; മഡിയൻ ചിങ്കത്തിൽ നിന്നു ആദ്യമായി തലപ്പാളി സ്വീകരിച്ചു
കാഞ്ഞങ്ങാട്:കർക്കിടകത്തിലെ ഭൂമിയിലെ സർവ്വചരാചരങ്ങളുടെയും ആധി അകറ്റാൻ കർക്കിടക തെയ്യത്തിന്റെ തലപ്പാളി സ്വീകരിച്ച് മൂന്നാം ക്ലാസുകാരൻ ആദിനാഥ് ആദ്യമായി ദേവനർത്തനമാടി. മഡിയൻ ക്ഷേത്രപാലകൻ ഈശ്വരന്റെ പ്രധാന കോലധാരിയായ അമ്മാവൻ മഡിയൻ ചിങ്കം ഷൈബുവിൽ നിന്നാണ് തലപ്പാളി സ്വീകരിച്ച് ഒറ്റ ചെണ്ടയുടെ താളത്തിൽ ഗുരുക്കന്മാർ പകർന്നു നൽകിയ താളത്തിൽ ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും വീടുകളിലും മണിനാദം മുഴക്കി ദേവനർത്തനം ആടി ഭക്തർക്ക് അനുഗ്രഹം നൽകിയത്. ഊണും ഉറക്കവും ഉപേക്ഷിച്ച് മാസങ്ങളോളം വ്രതം അനുഷ്ഠിച്ച് ദേഹപ്രയത്നവും കഷ്ടപ്പാടുകളും ഉള്ള ഈ അനുഷ്ഠാനകല ഏറ്റെടുക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാണ് കർക്കിടക തെയ്യം. വണ്ണാൻ സമുദായത്തിലെ കോലധാരികൾ ഏറ്റെടുക്കുന്ന പാർവതിയുടെ രൂപമാണ് ആദിനാഥ് ആദ്യമായി അണിഞ്ഞത്.ഗുരുക്കന്മാരുടെ അനുഗ്രഹവും കർമ്മശേഷിയും ലഭിച്ചാൽ വണ്ണാൻ സമുദായത്തിലെ ആചാരപ്രകാരം അടുത്ത ചിങ്ക സ്ഥാനവും ആദിനാഥിന് ലഭിക്കും. ലഹരിവസ്തുക്കളുടെ പിറകെ പോകുന്ന യുവതലമുറയെ നേർവഴിയിലേക്ക് നയിക്കുന്നതിന് പൂർവികർ പകർന്നു നൽകിയ ഈ അനുഷ്ഠാനം ഏറ്റെടുക്കുന്ന ആദിനാഥ് മാതൃകയാകും.ചായ്യോത്ത് ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന ആദിനാഥ് നെല്ലിയടുക്കം പുതുക്കുന്ന് ടി രതീഷിന്റെയും വണ്ണാപുരക്കൽ സരിതയുടെയും മകനാണ്.
No comments