ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു
പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിക്കപ്പെട്ട വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി.
തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് ഇടവേളകളില്ലാതെ നിറഞ്ഞ സൂപ്പർ നായികയായിരുന്നു സരോജാ ദേവി. എംജിആർ, രാജ്‍കുമാർ, ശിവാജി ഗണേശന്‍, നാഗേഷ് അടക്കമുള്ള തമിഴ് സിനിമയിലെ ഇതിഹാസങ്ങള്‍ക്കൊപ്പം സരോജ ദേവി നിറഞ്ഞ കാലം തെന്നിന്ത്യന്‍ സിനിമയുടെ തന്നെ സുവർണകാലങ്ങളില്‍ ഒന്നായിരുന്നു. എംജിആർ- സരോജ ദേവി പൊരുത്തം വെള്ളിത്തിരയില്‍ നീണ്ടത് 26 ചിത്രങ്ങളില്‍. എല്ലാം ഒന്നിനൊന്ന് മികച്ചവ. കൂട്ടത്തിലെ നാടോടി മന്നന്‍ സരോജാ ദേവിയുടെ തലകുറി തിരുത്തി. തായ് സൊല്ലേ തട്ടാതെ, അരസെ കട്ടളൈ, പാസം, താലി ഭാഗ്യം, പെരിയ ഇടത്ത് പൊണ്ണ്, നാന്‍ ആണയിട്ടാല്‍, എങ്കെ വീട്ടു പിള്ളേ,ദൈവ തായ്.. അങ്ങനെ ഹിറ്റുകളുടെ നീണ്ട നിര. ശിവാജി ഗണേശനൊപ്പവും നാഗേഷിനൊപ്പവും ഹിറ്റുകള്‍ ആവർത്തിച്ചതോടെ തമിഴകം കന്നഡത്ത് പൈങ്കിളി എന്ന് സ്നേഹത്തോടെ അവരെ വിളിച്ചു. കന്നഡത്തില്‍ രാജ്‍കുമാറിനൊപ്പം മെഗാഹിറ്റുകളുടെ ഭാഗമായി നിറഞ്ഞപ്പോള്‍ കന്നഡ മക്കള്‍ അവരെ വാഴ്ത്തിയത് അഭിനയ സരസ്വതിയെന്ന്.
1955ല്‍ തന്റെ 17ആം വയസില്‍ കന്നഡ ചിത്രം മഹാകവി കാളിദാസയിലൂടെ അരങ്ങേറ്റം. കിത്തൂര്‍ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്‍തൂരി നിവാസ എന്നീ ചിത്രങ്ങളിലൂടെ കന്നഡ മക്കളുടെ മനം കവർന്നു. 1957ല്‍ തെലുങ്കിലേക്ക്. 58ല്‍ തമിഴിലേക്ക്. 70കളില്‍ മൂന്ന് ഭാഷകളിലായി തെന്നിന്ത്യ അടക്കിവാണ സൂപ്പർനായിക. ഹിന്ദിയില്‍ നിന്നും സരോജാ ദേവിയെ തേടി അവസരങ്ങളുടെ പെരുമഴ. 2019ല്‍ പുനീത് രാജ് കുമാർ നായകനായ 'സാർവ ഭൗമ'യായിരുന്നു അവസാന ചിത്രം.
No comments