Breaking News

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഒഴിവുകള്‍ നികത്തണം-സിപിഐ


വെള്ളരിക്കുണ്ട്(ബി വി രാജന്‍ നഗര്‍): കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ഓഫീസുകളിലെ ഒഴിവുകള്‍ നികത്തണമെന്ന് സി പി ഐ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി ഒഴിവുകള്‍ നിലവിലുണ്ട്. ഇത്മൂലം സര്‍ക്കാരിന്റെ പദ്ധതികളും ദൈനംദിന പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തുവാന്‍ കഴിയുന്നില്ല. ജില്ലയിലെ വില്ലേജ് ഓഫീസുകളിലേതടക്കം പ്രധാനപ്പെട്ട നിരവധി തസ്തികളും ഒഴിഞ്ഞ് കിടക്കുന്നു. മറ്റ് ജില്ലകളില്‍ നിന്ന് വരുന്നവര്‍ അവധി എടുക്കുകയോ ഏതെങ്കിലും വിധത്തില്‍ മറ്റ് മേഖലയിലേക്ക് ഡെപ്യൂട്ടേഷന്‍ പോലെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്ഥലം മാറ്റം തരപ്പെടുത്തുകയോ ചെയ്യുന്നു. സര്‍വ്വേ വകുപ്പില്‍ നിന്നും സ്ഥലം മാറിപോയ 30 ലധികം സര്‍വ്വേയര്‍മാര്‍ക്ക് പകരം ആരെയും നിയമിച്ചിട്ടില്ല. മറ്റ് ജില്ലകളില്‍ നിന്ന് ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നവരെ ശിക്ഷാ നടപടികളുടെ ഭാഗമായി നിയമിക്കുന്നതും കാസര്‍കോട് ജില്ലയിലാണ്. ജില്ലയിലെ സര്‍വ്വീസ് മേഖലയുടെ കാര്യക്ഷമതയെ ഇത് ദോഷകരമായി ബാധിക്കുന്നു.   ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നവരെ ജില്ലയില്‍ നിയമിക്കുന്നത് നിര്‍ത്തലാക്കുകയും നിലവിലെ 1500ലധികം ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

No comments