45 ദിവസം പ്രായത്തിൽ കൂടെ കൂടിയ 'കുട്ടപ്പായി', 11-ാം വയസിൽ മരിച്ച വളർത്തു നായയുടെ സഞ്ചയനം നടത്തി കുടുംബം, സ്മാരകം പണിയും
കൊല്ലം: വളർത്തു മൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്ന മനുഷ്യരുണ്ട്. മനുഷ്യരോട് അത്രയേറെ ഇണങ്ങി കഴിയുന്ന ജീവിയാണ് നായ്ക്കൾ. സ്വന്തം കുട്ടികളെ പോലെ വളർത്തു നായ്ക്കളെ കൊണ്ടു നടക്കുന്ന മനുഷ്യരുടെ വിത്യസ്ഥമായ വീഡിയോസൊക്കെ പലപ്പോഴും ശ്രദ്ധയാകർഷിക്കാറുണ്ട്. കൊല്ലത്ത് തങ്ങളുടെ വളർത്തു നായ ചത്തതോടെ മരണാനന്തര ചടങ്ങുകൾ വരെ നടത്തിയിരിക്കുകയാണ് ഒരു കുടുംബം. കൊല്ലം എഴുകോൺ നിള പാലസ് ഉടമയായ സോമരാജനും കുടുംബവുമാണ് തങ്ങളുടെ വളർത്തു നായ 'കുട്ടപ്പായി'യുടെ സഞ്ചയന ചടങ്ങ് നടത്തിയത്.
11 വർഷം കൂടെയുണ്ടായിരുന്ന വളർത്തുനായ പഗ് ഇനത്തിൽപ്പെട്ട നായയുടെ മരണാനന്തര ചടങ്ങുകളാണ് കുടുംബം ചെയ്തത്. 45 ദിവസം പ്രായമുള്ളപ്പോൾ ആണ് കുട്ടപ്പായി സോമരാജന്‍റെ വീട്ടിലെത്തുന്നത്. പിന്നീട് വീട്ടിലെ ഒരാളായി, മക്കളേപ്പോലെ കരുതിയാണ് കുടുംബം നായകുട്ടിയെ പരിപാലിച്ചത്. ഒടുവിൽ പതിനൊന്നാം വയസിൽ സോമരാജനും കുടുംബത്തിനും തങ്ങളുടെ ഓമന നായയുടെ ജീവൻ നഷ്ടമായി. കുടുംബത്തിലെ ഒരാളെ പോലെ കരുതിയതിനാലാണ് മരണാനന്തര ചടങ്ങുകൾ നടത്തിയതെന്നും, കുട്ടപ്പായിയെ സംസ്കരിച്ച സ്ഥലത്ത് സ്മാരകം പണിയാണ് തീരുമാനമെന്നും സോമരാജൻ പറഞ്ഞു.
No comments