പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തണം ; പി സന്തോഷ് കുമാർ എം പി
വെള്ളരിക്കുണ്ട് : രാജ്യത്ത് നിലനില്‍ക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കെതിരെ പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് പി സന്തോഷ് കുമാര്‍ എം പി പറഞ്ഞു. സി പി ഐ കാസര്‍കോട് ജില്ലാ സമ്മേളന പൊതുസമ്മേളനം വെള്ളരിക്കുണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ എല്ലാ ഭാഗത്തും പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ് സിപിഐ. പുതിയ ഒരു ഇന്ത്യക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിരവധി സഖാക്കളെ നഷ്ടപ്പെടുത്തിയ ത്യാഗത്തിന്റെ പാരമ്പര്യമുള്ള മറ്റൊരു പ്രസ്ഥാനം വേറെയുണ്ടാകില്ല. ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കും അനാചാരണങ്ങള്‍ക്കുമെതിരായ ഐതിഹാസിക പോരാട്ടങ്ങളിലൂടെയാണ് ഈ പാര്‍ട്ടി വളര്‍ന്നു വന്നത്.
കയ്യൂരും കാവുമ്പായി രക്തസാക്ഷിത്വത്തിന് ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാകും മുമ്പേ ദൗര്‍ഭാഗ്യവശാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്ന സാഹചര്യമുണ്ടായി.
അതിന്റെ രാഷ്ട്രിയം ഇന്ന് പ്രസക്തമാണോ എന്ന് ചോദിച്ചാല്‍ ഒട്ടും പ്രസക്തമല്ലെന്ന് പറയാം. അന്ന് പിളര്‍ത്തുന്ന കാലഘട്ടത്തില്‍ ഉന്നയിച്ച മുദ്രാവാക്യമൊക്കെ അപ്രസക്തമാവുന്ന കാലഘട്ടത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. ജില്ലയിലെയും സംസ്ഥാനത്തെയും രാജ്യത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തിനെ അത് നല്ലതുപോലെ ചോര്‍ത്തികളഞ്ഞു എന്നത് എല്ലാവരും ഉള്‍ക്കൊള്ളേണ്ട സത്യസന്ധമായ ഒരു പാഠമാണ്.
പല പ്രതിസന്ധികളെയും അവഗണിച്ച് കാസര്‍കോടുംകണ്ണൂരിലേയും സി പി ഐ പതുക്കെ പതുക്കെ നടന്നു പന്തലിച്ചു വളര്‍ന്നു. ഈ പ്രസ്ഥാനം ഇതോടുകൂടി അവസാനിച്ച് പോകും എന്ന് കരുതിയിരുന്ന ധാരാളം പേരുണ്ടായിരുന്നു. ഇന്ന് കണ്ണൂരും, കാസര്‍കോടും വയനാടുമുള്‍പ്പെടെയുള്ള ഈ നാട്ടില്‍ അവസാനിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയായിട്ടല്ല, മറിച്ച് ഈ ജില്ലകളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താവുന്ന പാര്‍ട്ടിയായി സി പി ഐ മാറിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ഒരുപാട് കരുത്താര്‍ജ്ജിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണുള്ളത്. അതിനുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനും അതിന്റെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനും പുതിയ വഴികള്‍ കണ്ടെത്തുന്നതിനും വേണ്ടി പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരികയാണ്.
രാജ്യത്തെ തെരഞ്ഞെടുപ്പ് എന്നത് ഇന്ന് വളരെ സങ്കീര്‍ണമായ രാഷ്ട്രീയ പ്രക്രിയായി മാറി. പണവും മതവും ജാതിയുമെല്ലാം അതിനകത്ത് നല്ലതുപോലെ സ്വാധീനം ചെലുത്തുന്നു.
ഇന്ന് കാണുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അതിന്റെ റിസല്‍ട്ടും പങ്കാളിത്തവും വച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തൊരു ചെറിയ ശക്തിയാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.
സ്വാതന്ത്യ സമരത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ട്ടി ഇത്തരം പ്രതിസന്ധികളെ മറിച്ചുകടക്കാന്‍ ശക്തിപ്പെട്ടേ മതിയാവു എന്നും ആഗ്രഹിക്കുന്ന ധാരാളം ആളുകള്‍ പാര്‍ട്ടിക്ക് പുറത്തുണ്ട്. ഇവരെ കോര്‍ത്തിണിക്കാന്‍ നമുക്കാവുന്നില്ല എന്ന കുറവ് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെയും വിഘടന വാദത്തിന്റെയും ഏറ്റവും വലിയ കേന്ദ്രമായി മാറിയ പഞ്ചാബിലെ ഖലിസ്ഥാന്‍ ഭീകരവാദികളെ നേരിടാന്‍ ഏറ്റവും മുന്നില്‍ നിന്ന പാര്‍ട്ടി സി പി ഐയാണ്. ആ കരുത്താണ് അവിടെനടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നതില്‍ വ്യക്തമാകുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമുള്ള സമരമായിരുന്നില്ല. അത് ഇന്ത്യയെ ഒരുഹിന്ദുരാഷ്ട്രമാക്കുന്നവര്‍ക്കെതിരെയുള്ള സമരം കൂടിയായിരുന്നു. അന്ന് ബ്രിട്ടനെയും ആര്‍എസ് എസിനെയും പരാജയപ്പെടുത്തി. എന്നാല്‍ ഇന്ന് ആര്‍ എസ് എസ് ദേശീയ രാഷ്ട്രീയത്തില്‍ പതിന്‍മടങ്ങ് ശക്തിയോടെ തിരികെ വരികയും ഇന്ന് അവര്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഘടകമായി മാറി.
ഇന്ന് അവര്‍ കൈവെക്കാത്ത ഒരുമേഖലയും ഇല്ല. ഭരണഘടനയും ഫെഡറല്‍ സംവിധാനങ്ങളെയും അട്ടിമറിക്കുന്നു. ഫെഡറല്‍ സംവിധാനങ്ങളോടും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
വയനാട് ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും സ്വീകരിച്ച നിലപാട്ദൗര്‍ഭാഗ്യകരമാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് കുടുതല്‍ കരുത്താര്‍ജ്ജിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നേറേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
No comments