Breaking News

എം സ്വരാജ്‌ വിജയിക്കുമെന്ന് പന്തയം വെച്ചു ; പന്തയത്തിൽ സൈക്കിൾ നഷ്ടപ്പെട്ട രാജൻ ചെഗുവേരക്ക്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി പി പി മുസ്‌തഫ പുതിയ സൈക്കിൾ കൈമാറി


ചെറുവത്തൂർ : പ്രാണനോളം ചേർത്തുവച്ച പാർടിക്കായി അരുമയായ സൈക്കിൾ പന്തയത്തിൽ നഷ്ടപ്പെട്ടെങ്കിലും രാജന് ദുഖമില്ല. രാജനെ കൈവിടാൻ പുത്തിലോട്ടുകാർ ഒരുക്കമല്ല. ആവേശം ചോരാതെ രാജൻ പുതിയ സൈക്കിളിൽ സഞ്ചരിക്കും. പുത്തിലോട്ടെ രാജൻ ചെഗുവേര എന്നറിയപ്പെടുന്ന രാജന് പുത്തിലോട്ട് യുവശക്തി ക്ലബിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ ചേർന്നാണ് സൈക്കിൾ വാങ്ങി നൽകിയത്. ചെറുപ്പം മുതൽ രാജന് പാർടി എല്ലാമായിരുന്നു. സ്കൂൾ പഠനകാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവർത്തകൻ. പിന്നീട് സിപിഐ എമ്മിന്റെ അടിയുറച്ച അനുഭാവിയായി. അംഗത്വമില്ലെങ്കിലും പാർടി സ്വന്തം സ്വത്താണ് രാജന്. എല്ലാ പൊതുപരിപാടിയും നിത്യസാന്നിധ്യം. സ്വന്തം സൈക്കിളിൽ പാർടി പതാകയും നേതാക്കളുടെ ഫോട്ടോയും ഒരുക്കി മിക്ക പരിപാടികളിലുമെത്തും. കണ്ണൂരിൽ പാർടി കോൺഗ്രസ് നടന്നപ്പോഴും ചെങ്കൊടിയേന്തി സൈക്കിളിൽ രാജൻ എത്തിയിരുന്നു. നാലാൾ

കൂടുന്നിടത്തുമെല്ലാം രാഷ്ട്രീയ ചർച്ചയിൽ രാജൻ നിലപാട് തുറന്ന് പറയും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ ചർച്ചയിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് വിജയിക്കും എന്നായിരുന്നു രാജന്റെ ഉറപ്പ്. തോറ്റാൽ സൈക്കിൾ എനിക്ക് തരുമോ എന്നായിരുന്നു എതിരാളിയുടെ ചോദ്യം. മടികൂടാതെ രാജൻ പന്തയം ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് ഫലം എതിരായതോടെ രാജൻ സൈക്കിൾ കൈമാറി.

ഇതറിഞ്ഞാണ് യുവശക്തിയും ക്ലബ്ബും ഡിവൈഎഫ്ഐയും പുതിയ  സൈക്കിൾ സമ്മാനിച്ചത്. പയ്യന്നൂർ --തൃക്കരിപ്പൂർ --കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരനാണ് രാജൻ.

No comments