Breaking News

ട്രോളിങ് നിരോധനകാലത്ത് മീൻപിടുത്ത വള്ളങ്ങൾക്ക് വല നിറയെ ചെമ്മീൻ ലഭിച്ചത് തൊഴിലാളികൾക്ക് ആശ്വാസമായി 
 മടക്കര തുറമുഖത്ത്‌ ആരവം


ചെറുവത്തൂർ : ട്രോളിങ് നിരോധനകാലത്ത് പരമ്പരാഗത മീൻപിടുത്ത വള്ളങ്ങൾക്ക് വല നിറയെ ചെമ്മീൻ ലഭിച്ചത് തൊഴിലാളികൾക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം മടക്കര തുറമുഖത്തെത്തിയ മിക്ക വള്ളങ്ങൾക്കും ലഭിച്ചത് ചെമ്മീനായിരുന്നു. കടൽക്ഷോഭത്തിനും വറുതിക്കുമിടയിൽ മത്സ്യത്തൊഴിലാളികൾക്ക് ഇത് ആശ്വാസം പകർന്നു. 300 മുതൽ 500 കിലോ വരെ പൂവാലൻ ചെമ്മീനുമായി അനേകം വള്ളങ്ങൾ മടക്കര മീൻപിടിത്ത തുറമുഖത്തെത്തി. രണ്ട് മാസമായി കടലിൽ നിന്ന് കാര്യമായ മീൻ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് മീൻപിടിത്ത യാനങ്ങൾ കടലിൽ ഇറങ്ങിയിരുന്നില്ല. വിജനമായിരുന്ന മടക്കര മീൻപിടിത്ത തുറമുഖം ചെമ്മീൻ എത്തിയതോടെ വീണ്ടും സജീവമായി. ചെറുകിട കച്ചവടക്കാരും വാഹനത്തിൽ വിൽപന നടത്തുന്നവരുമെല്ലാം രാവിലെ തന്നെ എത്തി. ട്രോളിങ് നിരോധനം വന്ന് ബോട്ടുകൾ കടലിൽ നിന്ന് മാറുകയും ശക്തമായി മഴപെയ്ത് കടൽ ഇളകുകയും ചെയ്യുന്നതോടെ മീനുകൾ കൂട്ടത്തോടെ തീരക്കടലിലേക്ക് എത്തുന്നത് സാധാരണയാണ്. ഇതോടെ പരമ്പരാഗത വള്ളങ്ങളിൽ മീൻ പിടിക്കുന്നവർക്ക് കൂടുതൽ മീൻ ലഭിക്കുന്നതും പതിവാണ്. അതുകൊണ്ടുതന്നെ പരമ്പരാഗത മീൻപിടിത്തം നടത്തുന്നവർക്ക് കടലിൽ നിന്ന് മീൻ ലഭിക്കുന്ന സീസൺ സമയമാണിത്.

No comments